തലശേരി: തലശേരി മേഖലയിൽ സിപിഎം-ബിജെപി സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിനു നേരേ അക്രമം. മഹിളാ മോർച്ച നേതാവിന്റെ വീട്ടിലെ ഇന്നോവ കാറും അക്രമിസംഘം തകർത്തു. ഇന്ന് പുലർച്ചെ ഒന്നോടെയാണ് മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹനന്റെ വീട്ടിലെ കാറ് തകർത്തത്.
രണ്ടാം ഗേറ്റിനുസമീപത്തെ കൗസ്തുഭം വീട്ടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്മിതയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കകയായിരുന്നു. ശബ്ദം കേട്ട് സ്മിതയും ഭർത്താവും ഇറങ്ങി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു.
സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി എന്ന ഹരിദാസ്, കെ.എൽ. മോഹനൻ, ലിജേഷ്, കെ.അജേഷ്. എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പുന്നോൽ താഴെവയലിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെ.വി.ബാലൻ സ്മാരക മന്ദിരത്തിനു നേരെയാണ് ഇന്നലെ വൈകുന്നേരം അക്രമം നടന്നത്.
ഓഫീസിലെത്തിയ അക്രമി സംഘം പ്രചാരണ ബോർഡുകൾ തകർക്കുകയും ഓഫീസിലെ ഫർണിച്ചറുകൾ പുറത്തേക്ക് എറിയുകയും ചെയതു. വിവരമറിഞ്ഞ് ന്യൂ മാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിപിഎം നേതാക്കളായ എം.വി.ജയരാജൻ, അരവിന്ദൻ, പ്രജിത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.