സുൽത്താൻ ബത്തേരി: ആക്രമിക്കാൻ പാഞ്ഞടുത്ത കരടികളിൽ ഒന്നിനെ തൊഴിലുറപ്പ് തൊഴിലാളികൾ കാപ്പിക്കളത്തിൽ കുടുക്കി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച് പരിധിയിലുള്ള ചെട്യാലത്തൂരിലാണ് ഒരു വയസ് മതിക്കുന്ന പെണ് കരടിയെ തൊഴിലാളികൾ നാലുവശവും അടച്ചുകെട്ടിയ കാപ്പിക്കളത്തിൽ കുടുക്കിയത്. ഇന്നലെ രാവിലെയോടെയാണ് സംഭവം. ചെട്യാലത്തൂരിൽ ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കുനേരെയാണ് കരടികൾ പാഞ്ഞടുത്തത്.
കരടികൾ വരുന്നതുകണ്ടപ്പോൾ തൊഴിലാളികൾ ആദ്യം മരത്തിന്റെ മറവിലേക്ക് നീങ്ങി. പിന്നീട് വനത്തിലേക്ക് മടങ്ങിയ കരടികൾ തിരിച്ചുവന്നു. ഇതുകണ്ട് തൊഴിലാളികൾ ഓടി. പിന്തുടർന്ന കരടികളിൽ രണ്ടെണ്ണം തൊഴിലാളികളുടെ ബഹളംകേട്ട് വനത്തിലേക്കും സമീപത്തെ കാപ്പിതോട്ടത്തിലേക്കും ഓടിമറഞ്ഞു.
എന്നാൽ ഒരു കരടി തൊഴിലാളിയായ ബൊമ്മനു പിറകെ കൂടി. അര കിലോമീറ്ററോളം ഓടിയ ബൊമ്മൻ പ്രദേശവാസിയായ അപ്പുവിന്റെ കാപ്പിക്കളത്തിലേക്ക് ചാടി. ബൊമ്മനു പിന്നാലെ കരടിയും കളത്തിൽലെത്തി. ഈ സമയം പ്രദേശവാസികളിൽ ഒരാൾ ചുറ്റുമതിലുള്ള കളത്തിന്റെ രണ്ടു ഗേറ്റുകളും അടച്ചു. ഇതിനിടെ ബൊമ്മൻ മതിൽ ചാടി കളത്തിനു പുറത്തുകടന്നു.
കരടി കാപ്പിക്കളത്തിൽ അകപ്പെട്ടതറിഞ്ഞ് മുത്തങ്ങയിൽനിന്നു റേഞ്ച് ഓഫീസർ അജയഘോഷിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. പാത്രത്തിൽ വെള്ളം നൽകിയെങ്കിലും കരടി കുടിച്ചില്ല. തലങ്ങും വിലങ്ങും ഓടിയും നടന്നും തളർന്ന കരടി വൈകുന്നേരം നാലോടെ കളത്തിലെ ഷെഡ്ഡിൽ കയറി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഡോ. അരുണ് സക്കറിയ മയക്കുവെടി പ്രയോഗിച്ചു.
വെടിയേറ്റ കരടി പുറത്തേക്കു കുതിക്കുന്നതിനിടെ ഷെഡ്ഡിനു മുന്നിൽ വനപാലകർ വിരിച്ച വലയിൽ കുടുങ്ങി. മയങ്ങിയ കരടിയെ പിന്നീട് മുത്തങ്ങ റേഞ്ച് ഓഫീസ് പരിസരത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കരടിയുടെ വലതുകണ്ണിനു പരിക്കുണ്ട്. തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ പറഞ്ഞു. കരടിയെ കണ്ട് ഓടുന്നതിനിടെ വീണ് തൊഴിലാളികളിൽ നിരവധി പേർക്ക് പരിക്കേറ്റു.