ഭൂമിയിൽനിന്നു തുടച്ചുമാറ്റപ്പെടാൻ പോകുന്ന വെള്ളക്കാണ്ടാമൃഗ വംശത്തിന്റെ അവസാന പ്രതിനിധിയുടെ ചിത്രം പുറത്തുവിട്ടു. പ്രകൃതിസ്നേഹികളെ വേദനയിലാഴ്ത്തി ഒരു വനചിത്രം! ലോകത്ത് ജീവനോടെ അവശേഷിക്കുന്ന ഏക ആണ് വെള്ളക്കാണ്ടാമൃഗത്തിന്റെ ചിത്രമാണ് കാഴ്ചക്കാരിൽ നോവുണർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ സുഡാനിലെ സംരക്ഷണകേന്ദ്രത്തിൽ കഴിയുന്ന ഈ വെള്ളക്കാണ്ടാമൃഗത്തിന് 44 വയസാണുള്ളത്. ഇതേ സംരക്ഷണത്തിലുണ്ടായിരുന്ന മറ്റു രണ്ട് ആണ്വെള്ളക്കാണ്ടാമൃഗങ്ങൾ അടുത്തിടെ ചത്തിരുന്നു.
സ്വാഭാവിക രീതിയിൽ പ്രജനനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കൃത്രിമ ഗർഭധാരണം വഴി വെള്ളക്കാണ്ടാമൃഗത്തിന്റെ പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ സുഡാനിലെ ശാസ്ത്രജ്ഞർ. പ്രത്യേക സുരക്ഷാസംഘത്തിന്റെ പരിചരണത്തിലും സംരക്ഷണയിലുമാണ് ഇപ്പോൾ ഈ കാണ്ടാമൃഗം. കൊന്പിനുവേണ്ടിയുള്ള വേട്ടയാടലാണ് വെള്ളക്കാണ്ടാമൃഗങ്ങളെ വംശനാശത്തിനടുത്ത് എത്തിച്ചിരിക്കുന്നത്.