അതിരാവിലെ മുതൽ പാതിരാ വരെ വീട്ടുജോലി ചെയ്ത് നടുവൊടിയുന്ന ഭാര്യമാർ ഭർത്താക്കന്മാരുമായി വഴക്കിടുകയും അത് വിവാഹമോചനത്തിൽ വരെ എത്തുകയും ചെയ്യുന്ന സംഭവങ്ങൾ വിരളമല്ല. അതേസമയം, വീട്ടുജോലി ഭാര്യയുടെ മാത്രം ഉത്തരവാദിത്വമല്ല എന്നു മനസിലാക്കി ഇവരെ സഹായിക്കാൻ തയാറാകുന്ന ഭർത്താക്കന്മാരുമുണ്ട്.
അടുത്തിടെ ഭർത്താവിന്റെ പക്കൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച നവവധു താൻ അനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞെട്ടിയത് ജഡ്ജിയുൾപ്പടെയാണ്. കാരണം, ഒരു ജോലിയും ചെയ്യാൻ ഭർത്താവ് തന്നെ അനുവദിക്കുന്നില്ലെന്നുള്ളതാണ് ഇവരുടെ പ്രശ്നം. ഈജിപ്തിലെ കയ്റോയിലാണ് ഏവരെയും അന്പരപ്പിച്ച സംഭവം അരങ്ങേറിയത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും വീട്ടിലെ ഒരു ജോലിയും ചെയ്യാൻ ഭർത്താവ് തന്നെ അനുവദിക്കുന്നില്ലെന്നാണ് ഇരുപത്തിയെട്ടുകാരിയായ സമറിന്റെ പരാതി. ഭർത്താവ് സ്വയമാണ് വീട്ടിലെ ജോലി മുഴുവനും ചെയ്യുന്നത്. വീടു വൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക, തുണി അലക്കുക എന്നിവയെല്ലാം അതിൽ പെടും. നഗരത്തിൽ സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പുള്ള അദ്ദേഹം വീട്ടിലെ ജോലിക്കു ശേഷം അവിടേക്കാണ് പോകുന്നത്. പിറ്റേ ദിവസം തിരക്കുണ്ടെങ്കിൽ തലേദിവസം ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കും. അടുക്കളയിൽ കയറാൻ പോലും അദ്ദേഹം സമ്മതിക്കില്ലെന്നും ഇവർ പരാതിപ്പെടുന്നു.
ഭർത്താവിന്റെ സ്നേഹം കാരണം താൻ വെറുതെയിരുന്ന് ബോറടിക്കുകയാണെന്നും. വീട്ടു ജോലി ചെയ്യുന്ന ഭർത്താവിനെ നോക്കിയിരിക്കലാണ് തന്റെ ജോലിയെന്നും ഇവർ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു. എന്തായാലും വീട്ടുജോലി ചെയ്യാൻ തയാറാകുന്ന പലഭർത്താക്കന്മാരും ഇതോടെ അങ്കലാപ്പിലാണ്.