മാവേലിക്കര: ലഹരികൂടാൻ മദ്യത്തിനൊപ്പം കഫ് സിറപ്പുകൾ. മാവേലിക്കര പോലീസാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. മാവേലിക്കര എസ്ഐ എസ്. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെട്ടികുളങ്ങരയിലെ കാടുപിടിച്ച പുരയിടത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് നിരവധി കഫ് സിറപ്പ് കുപ്പികളും മദ്യകുപ്പികളും.
ഇന്നലെ വൈകുന്നേരം ആറോടെയാണ് ചെട്ടികുളങ്ങര ഈരേഴ വടക്ക് അൻപൊലിക്കളത്തിന് സമീപമുള്ള കാടുപിടിച്ച പുരയിടത്തിൽ യുവാക്കൾ ചേർന്ന് മദ്യപിക്കുന്നുവെന്നും ഇവിടെ ലഹരിമരുന്നുകളുടെ ഉപയോഗം നടക്കുണ്ടെന്നുമുള്ള വിവരം പോലീസിനു ലഭിച്ചത്. മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ പരിശോധനയ്ക്കായി എത്തിയ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. 20 വയസിനുള്ളിൽ താഴെയുള്ള യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.
ഇവിടെ നിന്ന് 50 ഓളം കഫ് സിറപ്പിന്റെ കൂപ്പികളും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിൽ ഇത്തരത്തിലുള്ള ഷെഡ്യുൾ എക്സ് വിഭാഗത്തിൽ പെട്ട മരുന്നുകൾ ഉപയോഗിക്കുന്നത് ലഹരി കൂടാനാണെന്നും പോലീസ് പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും അലർജി, കഫക്കെട്ട്, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇത്. ഒരു മുതിർന്ന ആൾ ഇതിന്റെ അഞ്ചുമില്ലി മാത്രമെ ഉപയോഗിക്കാവു എന്ന് പറയുന്നു. എന്നാൽ യുവാക്കളും മറ്റും ലഹരിക്കായി മദ്യത്തിൽ ഇതു വലിയ അളവിൽ ഉപയോഗിക്കുന്നതായാണ് സൂചന.
പത്തു മില്ലിയിൽ കൂടുതൽ ഈ മരുന്ന് മാത്രം ഉപയോഗിച്ചാലും മദ്യം കഴിക്കുന്നത് പോലെയുള്ള അവസ്ഥയിൽ എത്തിക്കുമെന്നാണ് പോലീസ് പറയുന്നത്. 85 രൂപയോളം വിലവരുന്ന ഈ മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കൂടാതെ കൊടുക്കുവാൻ പാടില്ലെന്നു നിർകർഷിക്കുന്നുണ്ടെങ്കിൽ പോലും ഇതില്ലാതെ തന്നെ ഇവ ലഭ്യമാകുന്നുണ്ടെന്നും പറയുന്നു.
ഇവിടെ നിന്ന് യുവാക്കളുടേതെന്ന് സംശയിക്കുന്ന ഇരുചക്രവാഹനം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അഡീഷണൽ എസ്ഐ എൻ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എഎസ്ഐ കെ.ആർ. ശ്രീകുമാർ, സിപിഒമാരായ ശ്രീനാഥ്, അരുണ്, ഹോംഗാർഡ് രഘു എന്നിവർ പങ്കെടുത്തു. വിദ്യാർഥികളും മറ്റും ലഹരിക്കായി ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് ശ്രദ്ധയിൽപെട്ടാൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.