തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ സിപിഐ പ്രതിനിധികളും മന്ത്രി തോമസ് ചാണ്ടിയും തമ്മിൽ വാക്കേറ്റമുണ്ടായി. എൽഡിഎഫിന്റെ ജനജാഗ്രതാ യാത്രയിൽ ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒരുക്കിയ വേദിയിൽ മന്ത്രി തോമസ് ചാണ്ടി പരസ്യമായി വെല്ലുവിളിച്ചതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചപ്പോഴായിരുന്നു ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
കായലും ഭൂമിയും കൈയേറിയെന്ന് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി മന്ത്രിപദം ഒഴിയുന്നതാണു നല്ലതെന്നാണു സിപിഐയുടെയും മുന്നണിയുടെയും നിലപാടെന്നു പന്ന്യൻ രവീന്ദ്രനും അറിയിച്ചു. ഇതോടെ പന്ന്യനെതിരേയും തോമസ് ചാണ്ടി തിരിഞ്ഞു.
തർക്കം മൂത്തതോടെ, ജനതാദൾ- എസ് പ്രതിനിധികളും തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് അറിയിച്ചു. രാജി വേണമെന്ന നിലപാടിലേക്ക് മുന്നണിയിലെ ഭൂരിപക്ഷം കക്ഷികളും നീങ്ങിയതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.