പത്തനാപുരം: പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുനലൂര്‍, കൊട്ടാരക്കര, അടൂര്‍ തുടങ്ങിയ താലൂക്കാശുപത്രികളിലും ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11 നും ഞായറാഴ്ച രാവിലെ എട്ടിനും ഇടയിലാണ് ആക്രമണം നടന്നത്. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ, സെന്‍ട്രല്‍ ജംഗ്ഷന്, ഇടത്തറ, കുണ്ടയം ഗാന്ധിഭവന് ജംഗ്ഷന് എന്നിവടങ്ങളില്‍ ആണ് മിക്കവര്‍ക്കും പട്ടിയുടെ കടിയേറ്റത്.
നൂറ് പേര് എന്നത് സ്ഥിരീകരിക്കാത്ത കണക്കാണ്. ഇതിലും കൂടുതല്‍ പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുളളതായാണ് നാട്ടുകാര്‍ നല്കുന്ന വിവരം. ഇരുപതോളം പേര് നിലവില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ബസിന്റെ തകരാര്‍ പരിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി മെക്കാനിക് കൊട്ടാരക്കര പളളിക്കല്‍ സ്വദേശി ജി. വി സ്മിബു (38) ന് പട്ടിയുടെ കടിയേല്‍ക്കുന്നത് . നിലവിളി കേട്ട് ഓടിയെത്തിയ ഡിപ്പോ ചാര്‍ജ് മാന്‍ ചന്ദനത്തോപ്പ് സ്വദേശി കെ.സുരേഷ് കുമാറിനും കടിയേറ്റു. സ്മിബുന്റെ കൈയ്ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത് .
ഇരുവരെയും ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പത്തനാപുരം കുണ്ടയം സ്വദേശികളായ അബ്ദുള്‍ അസീസ് (63), ഷിബു (36), മധു (54), ശ്യാ സാം(23), മുഹമ്മദ് (22), സുരേഷ് ബാബു (40) , ശക്തി (37), വാസുദേവന്‍ നായര്‍ (75), ഡോളി തോമസ് (48), വസുമതിയമ്മ (60), അരുണ്‍ തോമസ് (27) എന്നിവരാണ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളവര്‍.
ഒരു പട്ടി തന്നെയാണ് എല്ലാവരെയും കടിച്ചതെന്നും പേപ്പട്ടിയെ തല്ലികൊന്നതായും നാട്ടുകാര്‍ പറഞ്ഞു. മറ്റ് തെരുവ് നായ്ക്കളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. ഇതോടെ പേവിഷബാധ മറ്റ് പട്ടികള്‍ക്കും ഏറ്റിട്ടുളളതായുളള ആശങ്കയിലാണ് പ്രദേശവാസികള്‍.
ഒരാഴ്ച മുമ്പാണ് സമീപ പ്രദേശമായ പട്ടാഴിയില്‍ പതിനെട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്, ചെളിക്കുഴി, പടിഞ്ഞാറുവിള തുടങ്ങിയ പ്രദേശങ്ങളിൽ ആണ് അന്യ സംസ്ഥാന തൊഴിലാളികളും സ്കൂൾ വിദ്യാർഥികളുമടക്കം പതിനെട്ടുപേരെ പേപ്പട്ടി കടിച്ചത്. ഇതോടെ കിഴക്കന്‍ മേഖലയില്‍ പേപ്പട്ടിയാക്രമണം നിത്യ സംഭവമായി മാറിയിരിക്കുകയാണ് .