മുംബൈ: കാറിനുള്ളിൽ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും വാഹനമടക്കം പോലീസ് കെട്ടിവലിച്ചെന്ന ആരോപണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനം കെട്ടിവലിച്ചുകൊണ്ടുപോകാൻ പോലീസ് ശ്രമിക്കുന്പോ ൾ യുവതി മാത്രമേ കാറിനുള്ളിൽ ഉണ്ടായിരുന്നുള്ളൂവെന്നു വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിന്റെ പിന്നാലെയാണ് പുതിയ വീഡിയോ പുറത്ത് വന്നത്.
കാർ കെട്ടിവലിക്കുന്ന സമയം കുഞ്ഞ് കാറിനുപുറത്ത് മറ്റൊരാളുടെ കൈകളിലാണെന്നതും പോലീസ് നടപടി തുടങ്ങിയതോടെ യുവതി കുഞ്ഞിനെ വാങ്ങുന്നതും പുതിയ ദൃശ്യത്തിലുണ്ട്. മുംബൈ വെസ്റ്റ് മലാദിലെ എസ്വി റോഡിൽ വെള്ളിയാഴ്ചയാണു സംഭവം. ഗതാഗതം തടസപ്പെടുത്തി നിർത്തിയ കാർ പോലീസ് എത്തി കെട്ടിവലിച്ചുകൊണ്ടുപോവുകയായിരുന്നു. മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഉൾപ്പെടെ കാർ പോലീസ് കെട്ടിവലിച്ചുകൊണ്ടുപോകുന്ന ദൃശ്യം വൈറലായതോടെ മുംബൈ ട്രാഫിക് പോലീസ് പ്രതിക്കൂട്ടിലായി.
മുന്നറിയിപ്പ് നൽകാതെയാണു കാർ മാറ്റിയതെന്നും ആരോപണമുണ്ടായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയത്തിൽ ഇടപെടുകയും കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.