നെന്മാറ: വൃദ്ധയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡോഗ് സ്ക്വാഡ് പരിശോധനക്കെത്തി. വല്ലങ്ങി ബൈപാസ് റോഡിൽ പരേതനായ മാണിക്കൻ ചെട്ടിയാരുടെ ഭാര്യ മാരിയമ്മ(87) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12ന് മാരിയമ്മയെ വീട്ടിലാക്കി മകൻ ബാലസുബ്രഹ്മണ്യനും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. മൂന്നുമണിയോടെ വീട്ടിലെത്തിയ പേരമകൻ വിഗ്നേഷ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റിൽ മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ വയറിനിടിയിലായി ഇരുവശങ്ങളിലുമായി കത്തികൾ കുത്തി നിൽക്കുന്ന നിലയിൽ കിണറിലെ വെള്ളത്തിനു മീതെ മലന്നു കിടക്കുന്നതായാണ് കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി പുറത്തെടുത്ത മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.