ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകളിൽ അർധ സെഞ്ചുറി കുറിച്ചു. മോദിയുടെ അന്പതാമത്തെ വിദേശ സന്ദർശനമാണ് ഫിലിപ്പീൻസിൽ ഇപ്പോൾ നടക്കുന്നത്.
2014 മേയിൽ അധികാരത്തിലേറി ആദ്യ മൂന്നു വർഷത്തിനകംതന്നെ പ്രധാനമന്ത്രി മോദി 49 രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയതായി വിവരാവകാശ നിയമപ്രകാരം ലോകേഷ് ബത്ര എന്നയാൾക്ക് ലഭിച്ച വിവരത്തിൽ പറയുന്നു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനേക്കാൾ വളരെ കൂടുതലാണ് മോദിയുടെ വിദേശ സഞ്ചാരമെന്നാണു കണക്കുകൾ. ഒന്നാം യുപിഎ സർക്കാരിന്റെ ആദ്യ മൂന്നു വർഷം മൻമോഹൻ സിംഗ് 27 രാജ്യങ്ങളും രണ്ടാം യുപിഎയുടെ ആദ്യ മൂന്നു വർഷം 36 രാജ്യങ്ങളുമാണ് അന്നത്തെ പ്രധാനമന്ത്രി സന്ദർശിച്ചത്. എന്നാൽ, മൻമോഹൻ സിംഗിനേക്കാൾ കുറവ് രാജ്യങ്ങളിലാണ് മോദി സന്ദർശിച്ചതെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ഒന്നിന് അവകാശപ്പെട്ടിരുന്നത്.
പ്രധാനമന്ത്രിയായശേഷം അമേരിക്കയിലാണു മോദി ഏറ്റവുമധികം സന്ദർശനം നടത്തിയത്- അഞ്ചു തവണ. ചൈന, റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മൂന്നു തവണ വീതമാണു മോദി പോയത്. ജപ്പാൻ, സിംഗപ്പൂർ, കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ രണ്ടു പ്രാവശ്യം വീതം മോദി സന്ദർശനം പൂർത്തിയാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം പൂർത്തിയായ ജൂണ് 15ന് ഭൂട്ടാനിലേക്കു തുടങ്ങിയ യാത്രകളാണ് അർധസെഞ്ചുറി പൂർത്തിയാക്കിയത്.
ബ്രിട്ടന്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, കാനഡ, മെക്സിക്കോ, നെതർലൻഡ്സ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ, ബൽജിയം, അയർലൻഡ്, ഇറാൻ, ഇസ്രയേൽ, ദക്ഷിണ കൊറിയ, തുർക്കി, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തായ്ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, ലാവോസ്, വിയറ്റ്നാം, കെനിയ, ടാൻസാനിയ, മംഗോളിയ, മൊസാംബിക്, സീഷെൽസ്, ഫിജി, പാക്കിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ 36 രാജ്യങ്ങളിലും പ്രധാനമന്ത്രിയെന്ന നിലയിൽ മോദി ഒൗദ്യോഗിക സന്ദർശനം നടത്തി.
ജോർജ് കള്ളിവയലിൽ