കുമരകം: വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പെണ്‍കുട്ടിയെ അപകീർത്തിപ്പെടുത്തി. ഒടുവിൽ കുടുങ്ങി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പതിനേഴുകാരിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചങ്ങനാശേരി കാട്ടുപ്പറന്പിൽ ഡാനിയെയാണു(21) വെസ്റ്റ് സിഐ നിർമൽ ബോസിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. പിടികൂടാതിരിക്കാൻ വ്യാജ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് എടുത്താണ് പണി പറ്റിച്ചത്.
എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് യുവാവിനെ ഇന്നലെ പൊക്കി. പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങളാണു ഫെയ്സബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നത്. പെണ്‍കുട്ടി പ്ലസ്ടു വിന് പഠിക്കുന്പോൾ ഡാനി അതേ സ്ഥാപനത്തിൽ ബികോമിന് പഠിക്കുകയായിരുന്നു. അങ്ങനെ ഇവർ തമ്മിൽ പരിചയത്തിലായിരുന്നു. എന്നാൽ പിന്നീട് സൂഹൃത്തുക്കൾ വഴിയാണ് തന്നെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ ഫെയ്സ് ബുക്കിലൂടെ പ്രചരിക്കുന്ന വിവരം പെണ്കുട്ടിയറിഞ്ഞത്.
തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ കുമരകം പോലീസിൽ പരാതി നല്കി. രണ്ടു മാസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ ഡാനിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പോക്സോ, ഐടി ആക്ട്, ഐപിസി 354 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.