ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയുടെയും കൂട്ടാളികളുടെയു കൗൈയിലുള്ള കോത്തഗിരിയിലെ കോടനാട് എസ്റ്റേറ്റ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ ബ്രിട്ടീഷ് പൗരൻ പീറ്റർ ജോൺസ്്. 906 ഏക്കറുള്ള കോടനാട് എസ്റ്റേറ്റ് 1994 വരെ പീറ്ററിന്റെയും കുടുംബത്തിന്റെയും പേരിലായിരുന്നു.
എന്നാൽ അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയും കൂട്ടാളികളും ഭീഷണിപ്പെടുത്തി തുച്ഛമായ തുകയ്ക്ക് എസ്റ്റേറ്റ് സ്വന്തമാക്കുകയായിരുന്നുവെന്ന് പീറ്റർ പറയുന്നു. അപ്പോഴത്തെ സഹചര്യത്തിൽ എതിർക്കാൻകഴിഞ്ഞില്ലെന്നും തമിഴ്നാട്ടിലെ പുതിയ പശ്ചാത്തലത്തിൽ നിയമം താനടക്കമുള്ള സാധാരണക്കാർക്ക് അനുകൂലമായെന്നും പീറ്റർ പറയുന്നു.
മനസുണ്ടായിട്ടല്ല അന്ന് എസ്റ്റേറ്റ് ജയലളിതയ്ക്ക് കൊടുത്തത്. 38 കന്പനികളും ഇത്തരത്തിൽ ജയലളിതയും കൂട്ടാളികളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള അവസരമാണ്. പക്ഷെ തമിഴ്നാട്ടിലെ രാഷ്ട്രിയ അവസ്ഥ മോശമാണ്. മുഖ്യമന്ത്രി ആരാണ്? അധികാരമുള്ളത് ആർക്കാണ്? ആരെയാണ് പരാതിയുമായി സമീപിക്കേണ്ടത് എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്. – പീറ്റർ പറഞ്ഞു.
7.6 കോടി രൂപയ്ക്ക് പീറ്റർ എൻപിവി രാമസ്വാമി ഉദയാർ എന്നയാൾക്കാണ് എസ്റ്റേറ്റ് വിറ്റത്. പിറ്റേദിവസം തന്നെ എസ്റ്റേറ്റ് ശശികലയ്ക്കും ഇളവരശിക്കും സുധാകരനും കൂടി കൈമാറുകയായിരുന്നു. ജയലളിതയുടെ വേനൽക്കാല വസതിയായിട്ടാണ് കോടനാട് എസ്റ്റേറ്റ് അറിയപ്പെടുന്നത്.
ആദായനികുതി വകുപ്പ് അഞ്ചു ദിവസമായി അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയുടെയും കൂട്ടാളികളുടെയും 187 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 1,500 കോടിയുടെ അനധികൃത സന്പത്ത് കണ്ടെത്തിയിരുന്നു. നീലഗിരിയിലെ 670 ഏക്കറുള്ള ഗ്രീൻ ടീ എസ്റ്റേറ്റ്, കോത്തഗിരിയിലെ കോടനാട് എസ്റ്റേറ്റ് എന്നിവയിൽ പരിശോധന തീർന്നിട്ടില്ല. ജയ ടിവിയിലും ശശികലയുമായി ബന്ധപ്പെട്ട മിഡാസ് ഡിസ്റ്റിലറി അടക്കമുള്ള മറ്റു സ്ഥാപനങ്ങളിലും പരിശോധന ഇപ്പോഴും തുടരുകയാണ്. നിരവധി കടലാസ്കന്പനികളെപ്പറ്റിയുള്ള രേഖകൾ കണ്ടെത്തി. ബേനാമി ഇടപാടുകളുടെയും ബേനാമിയായി സന്പാദിച്ച വസ്തുവകകളുടെയും രേഖകളും പിടികൂടി.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായി മൂന്നുദശകക്കാലം കഴിഞ്ഞ ശശികല ഇപ്പോൾ ബംഗളൂരു ജയിലിലാണ്. ശശികലയുടെ സഹോദരപുത്രൻ ടി.ടി.വി.ദിനകരന്റെ നേതൃത്വത്തിലാണ് ഒരുവിഭാഗം അണ്ണാ ഡിഎംകെ പ്രവർത്തിക്കുന്നത്. ശശികലയും കൂട്ടാളികളും ഉൾപ്പെട്ട മന്നാർഗുഡി മാഫിയയുടെ അന്ത്യംകുറിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആദായനികുതി റെയ്ഡ് എന്നു കരുതുന്നു.