കണ്ണൂർ:”കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോയവരിൽ ചിലർ വിശുദ്ധയുദ്ധത്തിനിടെ കൊല്ലപ്പെട്ടതായി അറിഞ്ഞു. അവർ ഭാഗ്യവാൻമാർ. ഞങ്ങൾക്ക് അതിന് സാധിച്ചില്ലല്ലോ. അതോർത്തു ദുഃഖിക്കുന്നു…’ ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ തലശേരിയിലെ ഹംസയുടെ വാക്കുകളാണിത്. പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് ഹംസ അന്വഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ പറഞ്ഞത്. മറ്റുള്ള പ്രതികൾക്കും ഇതേ ചിന്താഗതി തന്നെയാണുള്ളതെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇവിടെയുള്ള കേസുകളും മറ്റും കാര്യമാക്കുന്നില്ല. ജയിൽവാസവും പോലീസ് സ്റ്റേഷനും വെറും ഇടത്താവളങ്ങൾ മാത്രം. അതുകൊണ്ട് ഭയമില്ല. സിറിയയിൽ നിന്നും വിശുദ്ധയുദ്ധം നടത്തുന്നതിനിടയിൽ കൊല ചെയ്യപ്പെട്ടാൽ നേരിട്ടു സ്വർഗത്തിൽ പോകാമെന്നു വിശ്വസിക്കുന്നതായും പോലീസ് കസ്റ്റഡിയിലുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നു.
ചോദ്യംചെയ്യലിൽ യാതൊരു ഭാവപ്പകർച്ചയും ഇല്ലാതെയാണ് ഇവർ ഉത്തരങ്ങൾ നൽകുന്നത്. നല്ല വാഗ്മിയായ ഹംസയ്ക്ക് ബഹ്റൈൻ ഗ്രുപ്പുമായി നല്ല ബന്ധമാണെന്ന് പോലീസ് പറയുന്നു. അവിടെയുള്ള അൽ അൻസാർ സെന്ററിലാണ് മലയാളികൾക്ക് പരിശീലനം നൽകി സിറിയയിലേക്ക് കയറ്റി വിടുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് ഐഎസുമായി ബന്ധിക്കുന്ന നിരവധി തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
ഐഎസിൽ ചേർന്ന കണ്ണൂർ സ്വദേശികളുടെ ശബ്ദരേഖകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നൂറിലധികം സന്ദേശങ്ങളാണ് ജില്ലയിൽ എത്തിയത്. അതിൽ ഭർത്താവ് കൊല്ലപ്പെട്ടവരുടെ നിസഹായാവസ്ഥയും യുദ്ധത്തിന് തയാറെടുത്തുനിൽക്കുന്നവരുമുണ്ട്. തലശേരി മുഴപ്പിലങ്ങാട് തൗഫീക്കിലെ യു.കെ.ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാൻ(42), മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിലെ മിഥിലാജ് (26), ചെക്കിക്കുളത്തെ കെ.വി. അബ്ദുൾ റസാക്ക് (34), മുണ്ടേരി പടന്നോട്ടുമൊട്ടയിലെ എം.വി.റാഷിദ് (24) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. ഈയാഴ്ചയോടെ ഇവരുടെ കസ്റ്റഡി കാലാവധി അവസാനിക്കും.