റിലീസിന് തയാറെടുക്കുന്ന ബോളിവുഡ് ചിത്രം “പദ്മാവതി’യെ വിടാതെ പിന്തുടർന്ന് ബിജെപി. ചരിത്രസംഭവത്തെ ആധാരമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് ഹരിയാന മന്ത്രി വിപുൽ ഗോയൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു.
ചിത്രത്തിലെ വില്ലൻ കഥാപാത്രമായ അലാവുദീൻ ഖിൽജിയെ സംഭവകഥയിലുള്ളതിനേക്കാൾ മഹത്വവത്കരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പെൺകുട്ടികൾക്കു നേരേ ആസിഡ് ആക്രമണം നടത്തുന്നവരെ പ്രശംസിക്കുന്നതിനു തുല്യമാണെന്നാണ് വിപുൽ ഗോയലിന്റെ വാദം.
ചരിത്രത്തെ വളച്ചൊടിക്കുംവിധമാണ് “പദ്മാവതി’ എന്ന ചിത്രം എടുത്തിരിക്കുന്നതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഹരിയാനയിലെ ജനങ്ങളും പഠിച്ചുവന്ന ചരിത്രമല്ല ചിത്രത്തിലൂടെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രജപുത്ര വംശത്തിന്റെ കഥ പറയുന്ന “പദ്മാവതി’യിൽ പദ്മാവതിയായി ദീപിക പദുക്കോണും ഭർത്താവായ രത്തൻ സിംഗ് ആയി ഷാഹിദ് കപൂറും വേഷമിടുന്നു. വില്ലൻ കഥാപാത്രമായ സുൽത്താൻ അലാവുദീൻ ഖിൽജിയെ അവതരിപ്പിക്കുന്നത് രൺവീർ സിംഗ് ആണ്.