ന്യൂഡൽഹി: പണപ്പെരുപ്പം ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി. മൊത്ത വില സൂചിക (ഡബ്ള്യൂപിഐ) പ്രകാരമുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 3.59 ശതമാനമായി. തലേവർഷം ഒക്ടോബറിൽ 1.27 ശതമാനം മാത്രമായിരുന്നു.സെപ്റ്റംബറിൽ 2.6 ശതമാനമായിരുന്നു. കഴിഞ്ഞ ഏപ്രിലിലെ 3.85 ശതമാനം കഴിഞ്ഞ ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ഭക്ഷ്യവിലകളാണ് ഇതിലേക്കു വഴിതെളിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 4.3 ശതമാനമുണ്ട്. ഉള്ളിവിലയിലെ വർധന 127.04 ശതമാനമാണ്. പച്ചക്കറികളുടേത് 36.61 ശതമാനവും. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റം 5.76 ശതമാനമുണ്ട്.
നിരീക്ഷകർ കണക്കാക്കിയതിലും കൂടുതലാണു പണപ്പെരുപ്പം. ചില്ലറ വില ആധാരമാക്കിയുള്ള വിലക്കയറ്റം ഏഴുമാസത്തെ ഉയർന്ന നിരക്കായ 3.58 ശതമാനത്തിൽ എത്തിയിരുന്നു.
പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നത് അടുത്ത മാസം അടിസ്ഥാന പലിശ നിരക്കു കുറയ്ക്കാതിരിക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും. ഡിസംബർ ആറിനാണു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ചേരുക.ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 2.72 ശതമാനത്തിൽനിന്നു 2.62 ലേക്കു താണു. എന്നാൽ ഇന്ധന-വൈദ്യുതി വിലക്കയറ്റം 9.01-ൽ നിന്ന് 10.52 ശതമാനത്തിലെത്തി. പയറുവർഗങ്ങൾക്കു 31.05 ശതമാനവും ഉരുളക്കിഴങ്ങിന് 44.29 ശതമാനവും വില കുറഞ്ഞു.