ശബരിമല: ശബരിമലയിലേക്ക് അയ്യപ്പഭക്തരുടെ വരവ് തുടങ്ങി. ഇനിയുള്ള 60 നാൾ കേരളത്തിന്റെ വീഥികളിൽ ശബരീശ്വ സ്തുതികൾ മുഴങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശബരിമല തീർഥാടകരുടെ തിരക്കുണ്ടാകും.മണ്ഡല, മകരവിളക്ക് തീർഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. വൃശ്ചികപ്പുലരിയിൽ ആരംഭിക്കുന്ന മണ്ഡലവ്രതാരംഭത്തിനു മുന്നോടിയായാണ് നട തുറക്കുന്നത്.
ശബരിമലയിൽ മണ്ഡലകാലവും തുടർന്നു മകരവിളക്ക് മഹോത്സവവും ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ഇന്നു വൈകുന്നേരം അഞ്ചിന് മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി കത്തിച്ചശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരെയും കൈപിടിച്ച് പതിനെട്ടാംപടി കയറും.
ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം ഇന്നു രാത്രിയോടെ കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും. ശബരിമല ശ്രീഅയ്യപ്പസ്വാമി ക്ഷേത്രം മേൽശാന്തിയായി ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത് മനയിൽ എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരിയാണ് ചുമതലയേൽക്കുന്നത്. സോപാനത്തിലാണ് സ്ഥാനാഭിഷേക ചടങ്ങുകൾ. പിന്നീട് ശ്രീകോവിലിൽ കൊണ്ടുപോയി തന്ത്രി മൂലമന്ത്രം ചെവിയിൽ മന്ത്രിക്കും.
മാളികപ്പുറം മേൽശാന്തിയായി കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നന്പൂതിരിയുടെ അഭിഷേകവും രാത്രിയിൽ തന്നെ നടക്കും. സ്ഥാനമൊഴിയുന്ന മേൽശാന്തി ടി.എം. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ഇന്നു രാത്രി 10ന് നട അടച്ച് താക്കോൽ ദേവസ്വം അധികൃതരെ ഏല്പിച്ച് കഴിഞ്ഞ ഒരുവർഷത്തെ ശാന്തിയെന്ന നിലയിലുള്ള നിയോഗം പൂർത്തിയാക്കി അദ്ദേഹം മലയിറങ്ങും.
മണ്ഡലവ്രതാരംഭത്തിനു തുടക്കം കുറിക്കുന്ന വൃശ്ചികപ്പുലരിയിൽ ശബരിമല ശ്രീ അയ്യപ്പക്ഷേത്രവും മാളികപ്പുറം ക്ഷേത്രവും തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. ഇന്നു മുതൽ പതിവു പൂജകളും നെയ്യഭിഷേകവും ഉണ്ടാകും. 41 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ഡിസംബർ 26ന് മണ്ഡലപൂജ നടക്കും. നാളെ മുതൽ പുലർച്ചെ മൂന്നിനു നട തുറക്കും. ഉച്ചപൂജയ്ക്കുശേഷം നട അടച്ച് ഉച്ചകഴിഞ്ഞ് മൂന്നിനു വീണ്ടും തുറന്ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട വീണ്ടും തുറക്കും. ജനുവരി 14നാണ് ശബരിമല മകരവിളക്ക്. തുടർന്ന് ആറുദിവസം കൂടി നട തുറന്നിരുന്നശേഷം ജനുവരി 20നു രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ രണ്ടുമാസത്തെ ശബരിമല തീർഥാടനത്തിനു പരിസമാപ്തിയാകും.
തീർഥാടനകാല മുന്നൊരുക്കങ്ങൾ ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും പൂർത്തീകരിച്ചു. പ്രസാദവിതരണം കുറ്റമറ്റതാക്കാൻ ക്രമീകരണങ്ങളായി. 25 ലക്ഷം അരവണ നിറച്ച ടിന്നുകളും 2.5 ലക്ഷം അപ്പം പായ്ക്കറ്റുകളും കരുതൽ ശേഖരമായുണ്ട്.