മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്കു വന്നില്ലെന്നു മന്ത്രിസഭായോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം നേരത്തെ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിരുന്നു. വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനമെടുക്കുക, തോമസ് ചാണ്ടിയുടെ പാര്‍ട്ടിയെന്ന നിലയ്ക്ക് എന്‍സിപിയുടെ നിലപാട് അറിയുക എന്നീ രണ്ടു നിര്‍ദേശങ്ങളാണ് അന്നു യോഗത്തില്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം മുഖ്യമന്ത്രി ശരിവച്ചു. എന്തുകൊണ്ടു പങ്കെടുക്കുന്നില്ലെന്നു കാട്ടി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് ഒരു കത്തു നല്‍കിയിരുന്നു. ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു കാട്ടിയുള്ള കത്തായിരുന്നു അത്. എന്നാല്‍ അത് അസാധാരണ സംഭവമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.