ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച എൻജിനിയറായ യുവതിയെ തീവച്ച് കൊലപ്പെടുത്തിയത് പ്രതി മുൻകൂട്ടി പദ്ധതി തയാറാക്കി. ചെന്നൈ ആദംബംക്കം സ്വദേശിനി എസ്. ഇന്ദുജ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ആകാശാണ് പോലീസിന് മൊഴി നൽകിയത്. ഒരു മാസത്തിലേറെയായി ആകാശ് ഇന്ദുജയെ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. തുടക്കം മുതൽ പെണ്കുട്ടി ഈ ആവശ്യം നിരസിച്ചു.
എന്നാൽ തങ്ങൾ ഇരുവരും നാളുകളായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും യുവാവ് വീട്ടുകാരെ അറിയിച്ചു. ഈ ആവശ്യവുമായി യുവാവ് തിങ്കളാഴ്ച രാത്രി 8.45ഓടെ ഇന്ദുജയുടെ വീട്ടിലെത്തി. എന്നാൽ വാതിൽ തുറക്കാൻ പോലും വീട്ടുകാർ തയാറായില്ല. അവസാനം യുവതിയുമായി സംസാരിച്ചാൽ മതിയെന്ന ആകാശിന്റെ അഭ്യർഥനയെ മാനിച്ച് വീട്ടുകാർ വാതിൽ തുറന്നു.
പിന്നാലെ ഇയാൾ കൈയിൽ കരുതിയരുന്ന പെട്രോൾ ഇന്ദുജയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവ സമയത്ത് ഇന്ദുജയുടെ പിതാവ് വീട്ടിലില്ലായിരുന്നു. ഇന്ദുജയുടെയും അമ്മയുടെയും സഹോദരിയുടെയും കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിയത്.