‘നയന്‍താര പെരിയ നടി, തമിഴ് സിനിമ റൊമ്പ മോശം’; അമലാ പോളിന്റെ ‘മസാല’പ്രയോഗത്തിനെതിരേ തമിഴ് മക്കള്‍; വന്ന വഴി മറക്കരുതെന്ന് ഉപദേശം…

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന അറം സിനിമ സൂപ്പര്‍ഹിറ്റായി തകര്‍ത്തോടുകയാണ്.
ഗോപി നൈനാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിരയോ മസാല രംഗങ്ങളോ ഇല്ല. കുഴല്‍ക്കിണറില്‍ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ നാടു മുഴുവന്‍ ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മധിവദനി എന്ന കളക്ടറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ചിത്രത്തെയും നയന്‍താരയേയും പുകഴ്ത്തി നടി അമലാ പോള്‍ രംഗത്ത് എത്തി.

എന്നാല്‍ തമിഴ് സിനിമയെ മൊത്തത്തില്‍ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് അമലയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമയെന്ന് നടി ട്വിറ്ററില്‍ കുറിച്ചിരുന്നു. അത്തരം ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍താര തെളിയിച്ചു. നയന്‍താരയ്ക്കും സംവിധായകനുമായ ഗോപി നൈനാരിനും എല്ലാ ആശംസകളും അറിയിക്കുന്നു. നല്ല സിനിമയും കഥയും അഭിനയ പ്രകടനങ്ങളുമാണ് നമുക്ക് വേണ്ടത്. അമലയുടെ ട്വീറ്റില്‍ പറയുന്നു. താരത്തിന്റെ ട്വീറ്റിനെതിരേ വന്‍പ്രതിഷേധമാണുയരുന്നത്.

താരമാക്കി വളര്‍ത്തിയത് തമിഴാണെന്ന് മലയാളിയായ നിങ്ങള്‍ മറക്കരുതെന്ന് ആരാധകര്‍ അമലയുടെ ട്വീറ്റിന് കമന്റ് ചെയ്യുന്നു. താരത്തിനെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വലിയ താരനിരയൊന്നും ഇല്ലാത്ത അറത്തിനു വേണ്ടി നയന്‍താര സഹകരിച്ചതിന് വലിയ നന്ദിയുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. അറത്തിലെ അഭിനയ പ്രകടനം കണ്ട് തമിഴ് മക്കള്‍ നയന്‍താരയ്ക്ക് തലൈവി എന്ന പുതിയ പേരുകൂടി ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ്. എന്തായാലും അമലയ്ക്ക് തമിഴര്‍ പണി കൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം.

 

Related posts