ചിറ്റൂർ: വീടിനു സമീപത്തുള്ള നെൽവയൽ തണ്ണീർത്തടം കല്ലുംമണ്ണും ഇട്ടു നികത്തുന്നതു തടയാൻ ആർഡിഒ നൽകിയ ഉത്തരവ് പാലിക്കാൻ റവന്യൂ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആരോപണമുന്നയിച്ച് 74കാരനായ മുതിർന്ന പൗരൻ താലൂക്ക് ഓഫീസിന് മുന്നിൽകിടന്ന് സമരം നടത്തി. വല്ലങ്ങി വില്ലേജ്,നടക്കാവ് ദേശത്ത് ശ്രീരാജ വീട്ടിൽ സുബ്രഹ്മണ്യനാണ് ഇന്നലെ രാവിലെ പതിനൊന്നിന് ചിറ്റൂർ തഹസിൽദാർ ഓഫീസിന് മുന്നിൽകിടപ്പുസമരം നടത്തിയത്.
സുബ്രഹ്മണ്യനൊപ്പം ഭാര്യ രുഗ്മണിയും ഒപ്പം എത്തിയിരുന്നു. ഇത് സംബന്ധമായി സുബ്രഹ്മണ്യൻ ഹൈകോടതിയിലും പരാതി നൽകിയിരുന്നു. രണ്ടുദിവസംമുന്പ് ഭൂമാഫിയസംഘം വീണ്ടും സ്ഥലം നികത്തൽ തുടങ്ങിയത് ഉടൻ മാറ്റണമെന്നും ആവശ്യമുന്നയിച്ചു.
പിന്നീട് തഹസിൽദാർ എൽവിൻ ആന്റണി ഫെർണാണ്ടസ് സുബ്രഹ്മണ്യനെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഇപ്പോഴുണ്ടായ തടസങ്ങളും നികത്തലും നീക്കം ചെയ്യുകയും ഇത്തരത്തിലുള്ള ഇടപെടൽ ഉണ്ടാവാതിരിക്കാൻ നടപടികൾ എടുക്കുമെന്നും സുബ്രഹ്മണ്യനെ ്അറിയിച്ചതിനെ തുടർന്നാണ് ഇരുവരും തിരിച്ചുപോയത്. ഭൂമാഫിയസംഘം തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതായും തഹസിൽദാർമുന്പാകെ സർക്കാർസർവീസിൽനിന്നും വിരമിച്ച സുബ്രഹ്മണ്യൻ സങ്കടം അറിയിച്ചാണ് മടങ്ങിയത്.