എം.സുരേഷ്ബാബു
തിരുവനന്തപുരം: കേസുകളിൽ നിന്നും കുറ്റവിമുക്തരായി എ.കെ.ശശീന്ദ്രനൊ തോമസ് ചാണ്ടിയൊ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തിയാൽ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ അപ്പോൾ പറയാം എന്ന്് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. അക്കാര്യങ്ങളിലെ നിലപാട് മുൻകൂട്ടി പ്രവചിക്കാനാകില്ലെന്നും ഇപ്പോൾ ഉണ്ടായ സംഭവ വികാസങ്ങൾക്ക് കാരണക്കാരൻ തോമസ് ചാണ്ടിയാണെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
മന്ത്രിസ്ഥാനം വഹിക്കുന്നവർ ക്ലീൻ ഇമേജുള്ളവരാകണമെന്നാണ് തങ്ങളുടെ നിലപാട്. ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും സംശുദ്ധിയും തകരാതിരിക്കാനാണ് ഇന്നലെ മന്ത്രിസഭായോഗ ബഹിഷ്കരണം പോലുള്ള കടുത്ത നടപടികളിലേക്ക് സിപിഐ നീങ്ങിയത്. അഴിമതിക്ക് അതീതമാണ് എൽഡിഎഫ് സർക്കാരെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐ നിലപാട് ഗുണം ചെയ്തുവെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
ജനങ്ങൾ തങ്ങളെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റും. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ കാണുന്ന ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നിലപാടുകൾക്ക് സിപിഐ കൂട്ടുനിൽക്കില്ല. ജനപക്ഷമായ നിലപാടുകളാണ് എന്നും സിപിഐ സ്വീകരിച്ചിട്ടുള്ളത്. വരും കാലങ്ങളിലും നിലപാടുകളിൽ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആരോപണങ്ങൾ ഉണ്ടായപ്പോൾ രാജിവച്ച ഇ.പി.ജയരാജൻ, എ.കെ.ശശീന്ദ്രൻ എന്നിവരുടെ പാത തോമസ് ചാണ്ടിക്കും സ്വീകരിക്കാമായിരുന്നു.
എന്നാൽ തോമസ്ചാണ്ടി മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടക്കുകയായിരുന്നു. സർക്കാരിന്റെ ഭാഗമായിരുന്നിട്ട് സർക്കാരിനെതിരേ ഹൈക്കോടതിയിൽ കേസ് നൽകിയ തോമസ് ചാണ്ടിയുടെ നടപടിയെ കോടതി തന്നെ നിശിതമായി വിമർശിച്ചിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്നത് എൽഡിഎഫിന്റെ പൊതു തീരുമാനമായിരുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കാതെ കടിച്ചുതൂങ്ങി കിടന്ന തോമസ് ചാണ്ടിക്ക് രാജിക്ക് വഴങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ ചെയ്തികളുടെ ഫലമാണ്.
മന്ത്രിസഭാ ബഹിഷ്കരണത്തിന്റെ പേരിൽ സിപിഎം-സിപിഐ ബന്ധത്തിൽ വിള്ളലുകളൊ ശീതസമരമൊ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലത്തെ സംഭവത്തിനുശേഷം സോഷ്യൽ മീഡിയകളിൽ സിപിഎം-സിപിഐ അണികൾ തമ്മിലുള്ള സൈബർ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തെറ്റിധാരണകൾ കൊണ്ടും പെട്ടെന്നുള്ള വികാരത്താലും ആയിരിക്കും ഇത്തരം പ്രചരണങ്ങൾ ഉണ്ടായിട്ടുള്ളതെന്നും പന്ന്യൻ പറഞ്ഞു.
വിശദമായി കാര്യങ്ങൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്പോൾ സിപിഐയുടെ നിലപാട് ഏവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ബിജെപിക്കെതിരായ ബദൽശക്തി ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പന്ന്യൻ രാഷ്്ട്രദീപികയോട് വ്യക്തമാക്കി.