മരുമകളുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നിലയിലെ രോഗികളെ മുഴുവന്‍ മാറ്റി! നിറ ഗര്‍ഭിണികളടക്കം പലരും കിടന്നത്, ഒരു കട്ടിലില്‍ രണ്ടുപേര്‍ എന്നരീതിയില്‍; പുലിവാല് പിടിച്ച് ബിജെപി മുഖ്യമന്ത്രി

പേരും പ്രശസ്തിയും കൂട്ടും, രാഷ്ട്രീയത്തില്‍ കൂടുതല്‍ വിലകിട്ടും എന്നുവിചാരിച്ച് ചെയ്ത കാര്യം ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്. സംഭവം ഇങ്ങനെയാണ്. മന്ത്രിമാരാരും സര്‍ക്കാര്‍ ആശുപത്രി ഉപയോഗിക്കുന്നില്ല എന്ന പരാതി നീക്കിയേക്കാം എന്ന വിചാരത്തോടെയാണ് മന്ത്രി സ്വന്തം മരുമകളുടെ പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലാക്കിയത്. പക്ഷേ ഒരു നിബന്ധന വച്ചു, പ്രസവം നടക്കുന്ന ആ നിലയിലെ മറ്റുള്ള രോഗികളെല്ലാം വേറൊരു സ്ഥലത്തേയ്ക്ക് മാറണം. വലിയ വിവാദത്തിലേയ്ക്കാണ് മുഖ്യമന്ത്രിയുടെ ആ തീരുമാനം നീങ്ങിയിരിക്കുന്നത്. റായ്പൂരിലെ ഭീം റാവു അംബേദ്ക്കര്‍ സ്മാരക ആശുപത്രിയാണ് രമണ്‍ സിംഗ് തന്റെ മരുമകളുടെ പ്രസവത്തിനായി തെരഞ്ഞെടുത്തത്.

അതോടെ സര്‍ക്കാര്‍ ആശുപത്രിയിലെ സാധാരണക്കാരായ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലായി. മരുമകള്‍ക്ക് പ്രത്യേക പരിഗണന കിട്ടാന്‍ മറ്റുള്ള പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപിയുടെ മുഖ്യമന്ത്രിയായ രമണ്‍ സിംഗ് ചെയ്തതെന്നാണ് ആളുകള്‍ ആരോപിക്കുന്നത്. മരുമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക മുറി ഏര്‍പ്പാടാക്കിയ രമണ്‍സിംഗ് തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കു വേണ്ടി മറ്റു മൂന്ന് മുറികള്‍ കൂടി ദുരുപയോഗം ചെയ്തതോടെ രണ്ടാം നിലയില്‍ കിടന്ന മുഴുവന്‍ രോഗികളെയും താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു. ഇതുകൊണ്ടും തീര്‍ന്നില്ല. ശനിയാഴ്ച പേരക്കുട്ടിയെ കാണാന്‍ മന്ത്രി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.

ഈ സമയത്ത് മന്ത്രിയുടെ സുരക്ഷയ്ക്കായി ആശുപത്രിയില്‍ അമ്പതോളം പോലീസുകാര്‍ക്ക് ഇടം ഒരുക്കേണ്ട ചുമതലയാണ് ആശുപത്രിക്ക് വന്നത്. ഇതോടെ രണ്ടാം നിലയില്‍ കിടന്ന രോഗികളെയെല്ലാം രണ്ടാം നിലയില്‍ നിന്ന് മാറ്റേണ്ട അവസ്ഥയും ഉണ്ടായി. ഇതോടെ താഴെ ഉള്ള നിലയില്‍ പ്രസവിച്ച സ്ത്രീകളും നിറ ഗര്‍ഭിണികളടക്കം പലരും ഒരു കട്ടിലില്‍ രണ്ട് പേര്‍ എന്ന രീതിയില്‍ കിടക്കേണ്ട അവസ്ഥയും വന്നു. ഇത് അവിടെയുള്ള സാധാരണക്കാരെ ആകെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു.

പിന്നീട് സംഭവം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചെയ്ത നടപടി വന്‍ വിവാദമാകുകയായിരുന്നു, ആശുപത്രി മുഴുവന്‍ കന്റോണ്‍മെന്റാക്കി മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. അധികാരത്തില്‍ എത്തിച്ചവരെ മുഖ്യമന്ത്രി അപമാനിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് വികാഷ് തിവാരി പറഞ്ഞത്. മുഖ്യമന്ത്രിയുടെ എളിമയെ ഊന്നിപ്പറഞ്ഞാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതിപക്ഷാരോപണങ്ങളെ പ്രതിരോധിച്ചത്. ഒട്ടേറെ സൗകര്യങ്ങളുള്ള അനേകം സ്വകാര്യ ആശുപത്രികള്‍ ഉണ്ടായിട്ടും ഈ ആശുപത്രി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും ഭരണപക്ഷം പറഞ്ഞു.

 

Related posts