രാജ്യത്തിന് മുഴുവന്‍ മാതൃകയായി ഡല്‍ഹി സര്‍ക്കാര്‍! അവശ്യ സേവനങ്ങള്‍ ആവശ്യക്കാരന്റെ വീട്ടുപടിക്കല്‍ ലഭ്യമാക്കും; ആപ്പ് സര്‍ക്കാര്‍ ഭരണനിര്‍വഹണം വീട്ടുപടിക്കല്‍ നടത്തുന്നതിങ്ങനെ

രാജ്യത്ത് പലയിടങ്ങളിലും അവകാശപ്പെട്ട റേഷന്‍ പോലും കിട്ടാതെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ മരിക്കുക പോലും ചെയ്ത സംഭവമുണ്ടായതിനു പിന്നാലെ ഇതിന് നേര്‍ വിപരീതമായ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ വീട്ടുമുറ്റത്തെത്തിക്കുവാനാണ് ഡല്‍ഹി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനമുണ്ടായത്. ജാതി സര്‍ട്ടിഫിക്കറ്റ് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് വരെയുള്ള 40തോളം സേവനങ്ങള്‍ വീട്ടിലെത്തിച്ചുതരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ഇത് മൂന്നു നാലു മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 40 അവശ്യസേവനങ്ങള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. ഇതിന് പുറമെ മുപ്പതോളം സേവനങ്ങളും ഓരോ മാസവും കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്. ജാതി, വരുമാന, വിവാഹ, താമസസ്ഥലം തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റ്, പുതിയ ജലവിതരണ കണക്ഷന്‍, ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷാ ഫോം, റേഷന്‍ കാര്‍ഡ്, ആര്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ആര്‍സി ബുക്കിലെ വിലാസം മാറ്റല്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം പദ്ധതി കൊണ്ടുവരുന്നത്. ഭരണനിര്‍വ്വഹണം വീട്ടുപടിക്കലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നടപടിയെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പ്, ഒരു സ്വകാര്യ ഏജന്‍സിക്ക് നല്‍കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് ഒരാള്‍ക്ക് അപേക്ഷ നല്‍കണമെന്നുണ്ടെങ്കില്‍ ബയോമെട്രിക്ക് ഉപകരണങ്ങളും മറ്റുമായി ആവശ്യക്കാരന്റെ വീട്ടുപടിക്കലെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Related posts