ന്യൂഡൽഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ വീണ്ടും ഭീഷണിയുമായി കർണിസേന. ചലച്ചിത്രത്തിലെ നായിക നടി ദീപിക പദുകോണിന്റെ മൂക്ക് ചെത്തുമെന്നാണ് രാജസ്ഥാനിലെ കര്‍ണിസേനയുടെ പുതിയ ഭീഷണി. കർണിസേന സ്ത്രീകളുടെ പ്രതിച്ഛായ മോശമാക്കുന്നതിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. ഒരു സ്ത്രീയുടെ നേർക്കും തങ്ങൾ കൈ ഉയർത്തില്ല. എന്നാൽ ഇന്ത്യൻ സംസ്കാരം കളങ്കപ്പെടുത്തുന്ന ദീപികയോട് ശൂർപ്പണഘയോട് ലക്ഷമണൻ ചെയ്തത് ചെയ്യുമെന്നും കർണിസേന നേതാവ് മഹിപാൽ സിംഗ് പറഞ്ഞു.
ഇതിനിടെ റിലീസിന് തയാറെടുക്കുന്ന പത്മാവതിക്കെതിരെ ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തി. പ്രദർശനാനുമതി നൽകുന്നതിന് മുൻപ് സിനിമ ചരിത്രത്തെ വികലമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിതരണ സെക്രട്ടറിക്കു യുപി സർക്കാർ കത്തയച്ചു.