മുംബൈ: മുകേഷ്, അനിൽ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബം ഏഷ്യയിലെ ഏറ്റവും ധനികരെന്ന് ഫോബ്സ് മാഗസിൻ. ഫോബ്സിന്റെ ഏഷ്യയിലെ ധനികരായ 50 കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം ഒന്നാമതായത്. 4,480 കോടി ഡോളറാണ് അംബാനി കുടുംബത്തിന്റെ ആസ്തി. കഴിഞ്ഞ വർഷമിത് 1,900 കോടി ഡോളറായിരുന്നു.
പുതിയ പട്ടികയിൽ ഇന്ത്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. 18 ഇന്ത്യൻ കുടുംബങ്ങൾ ടോപ് 50 പട്ടികയിൽ ഇടം നേടി. ദക്ഷിണകൊറിയയിലെ സാംസംഗ് സാമ്രാജ്യത്തിന്റെ ലീ കുടുംബത്തെ മറികടന്നാണ് അംബാനിമാരുടെ മുന്നേറ്റം. 4080 കോടി ഡോളറാണ് ലീ കുടുംബത്തിന്റെ ആസ്തി. ഓയിൽ മുതൽ ടെലികോം മേഖല വരെ അടക്കിവാഴുന്ന ജ്യേഷ്ഠൻ മുകേഷ് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഉയർന്നതും റിലയൻസ് ജിയോ വരിക്കാരെ നേടുന്നതിൽ വിജയിച്ചതും നേട്ടമായി. റിലയൻസ് കമ്യൂണിക്കേഷൻസാണ് അനുജൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ളത്.
ഏഷ്യയിലെ ധനികരിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ കുടുംബം അംബാനിയുടേതാണ്. ഡോളർ കണക്കിൽ ഈ വർഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും അംബാനിമാർ തന്നെ.