കൊച്ചി: സിപിഎം-സിപിഐ ഭിന്നത രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷം വീണ്ടും മാധ്യമങ്ങൾക്കുനേരെ. ഇന്ന് രാവിലെ കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തവേ സിപിഎംസിപിഐ തർക്കം സംബന്ധിച്ച പ്രതികരണം തേടിയ മാധ്യമങ്ങൾക്കുനേരെയാണ് മാറി നിൽക്ക് എന്ന് പറഞ്ഞ് മുഖ്യമന്ത്രി രോഷം പ്രകടിപ്പിച്ചത്.
സിപിഎം ജില്ലാ കമ്മറ്റി ആസ്ഥാനമായ ലെനിൻ സെൻററിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന സാഹചര്യത്തിൽ സ്ഥലത്ത് മാധ്യമങ്ങളും നിരവധി പ്രവർത്തകരും എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി എത്തിയ ഉടൻ തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനായി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ സമീപിച്ചു.
ഇത് ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രി മാറി നിൽക്കെന്ന് പറഞ്ഞു രോഷം കൊള്ളുകയായിരുന്നു.
തുടർന്ന് അകത്തേയ്ക്കു കയറിപോയ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോടും കയർത്തു. ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയെല്ലാം അവിടെനിന്ന് പോലീസ് പിടിച്ചുപുറത്താക്കി. പോലീസുകാരോട് ദേഷ്യത്തിൽ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്നശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്.