തിരുവനന്തപുരം: കാര്‍ അപകടത്തില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി ആദ്യമെത്തിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്പി ആദര്‍ശാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഗൗരിയുമായി ബിനീഷിന് അടുത്ത കുടുംബ ബന്ധമുണ്ടെന്നാണ് സൂചന. മൂന്ന് യുവതികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും ബിനീഷായിരുന്നു. അപകടസ്ഥലത്തെ ഫോട്ടോ പോലും ബിനീഷ് എത്തിയ ശേഷം പകര്‍ത്താന്‍ ആരേയും പൊലീസും അനുവദിച്ചില്ല. മത്സര ഓട്ടം തന്നെയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഗൗരിയും അപകടത്തില്‍ പെട്ട് മരിച്ച ആദര്‍ശും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആര്‍ക്കിടെകിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്‌കൂളില്‍ പഠിച്ചിരുന്നു. അപകടത്തില്‍പ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാര്‍ത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിര്‍മ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകള്‍. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്.
ന്യൂ തീയറ്റര്‍ ഉടമയായ മുരുകന്‍ സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് ബിനീഷിനെ വിളിച്ചു. അങ്ങനെയാണ് ബിനീഷ് ഓടിയെത്തിയത്.അതിന് മുമ്പ് സംഭവത്തിന്റെ ഫോട്ടോകള്‍ വ്യാപകമായി എടുക്കാന്‍ പൊലീസ് ഏവരേയും അനുവദിച്ചു. എന്നാല്‍ ബിനീഷ് എത്തിയ ശേഷം എല്ലാത്തിനും നിയന്ത്രണം വന്നു. അതിവേഗം അപകടത്തില്‍പ്പെട്ട കാര്‍ പോലും മാറ്റി. ബെന്‍സ് കാറുമായി നടത്തിയ മത്സരയോട്ടമാണ് അപകടകാരണം എന്നാണ് സൂചന.
അമിത വേഗതയില്‍ പാഞ്ഞു വന്ന കാര്‍ ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ടു. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. അല്ലായിരുന്നുവെങ്കില്‍ തൊട്ടടുത്ത കഫേ കോഫി ഡേ എന്ന കടയിലേക്ക് ഇടിച്ചു കയറുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാത്രിയിലും കടയ്ക്ക് പുറത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. പോസ്റ്റില്ലായിരുന്നുവെങ്കില്‍ അപടകത്തിന്റെ ആഘാതം കൂടുമായിരുന്നു. ഈ കാറിനൊപ്പം മിന്നി പാഞ്ഞ ബെന്‍സിനെ കുറിച്ച് ആര്‍ക്കും വിവരമില്ല. രാജ് ഭവനും മന്ത്രി മന്ത്രിരങ്ങളുമുള്ള രാജവീഥിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. അതുകൊണ്ട് തന്നെ കാറിന്റെ നമ്പര്‍ കണ്ടെത്താനും കഴിയുന്നില്ല.
ഏറെ സുരക്ഷാസൗകര്യങ്ങളുള്ള സ്‌കോഡ ഒക്ടാവിയ കാറിലായിരുന്നു ആദര്‍ശി്‌ന്റെ യാത്ര. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷന്‍ നടത്തി റോഡിലിറക്കിയതാണ് കാര്‍. സീറ്റ് ബെല്‍റ്റിടാഞ്ഞതാണ് ആദര്‍ശിന്റെ ജീവനെടുത്തത് എന്നാണ് സൂചന.കാറിലുണ്ടായിരുന്ന യുവതികളില്‍ മുന്നിലുണ്ടായിരുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഈ പെണ്‍കുട്ടി ഗുരുതര പരിക്കേല്‍ക്കുന്നതില്‍ നിന്നു രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന ആദര്‍ശ് കാറിനുള്ളില്‍ കുടുങ്ങിപ്പോയി. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ആദര്‍ശിനെ പുറത്തെടുത്തത്. ആദര്‍ശിന്റെ കാറുമായി മത്സരിച്ച ബെന്‍സിനെക്കുറിച്ച് യാതൊരു സൂചനയുമില്ല.
തലസ്ഥാനത്തെ വമ്പന്‍ ബിസിനസ്സുകാരുടെ ആരുടെയെങ്കിലും കാറാകാമെന്നും അതുകൊണ്ടാണ് പൊലീസ് അന്വേഷണം വഴി തെറ്റുന്നതെന്നും സൂചനയുണ്ട്.
താത്കാലിക രജിസ്‌ട്രേഷനിലുള്ള കാര്‍ അമിതവേഗതയിലെത്തി ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് കാറുകള്‍ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് കാര്‍ ആദ്യം ഇടിച്ചത്. ഓട്ടോ റിക്ഷ ഡ്രൈവറായ ശശികുമാറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഈ ഭാഗത്ത് കാറുകളുടെയും ബൈക്കുകളുടെയും മത്സര ഓട്ടം പതിവായിരുന്നു. ഇതിനെതിരെ പരാതി ഉയരുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തതോടെ മത്സരയോട്ടം കുറച്ച് കാലമായി ഉണ്ടായിരുന്നില്ല. എന്നാല്‍ വീണ്ടും ഇത് സജീവമായി. ആഡംബരക്കാറുകളില്‍ ചീറിപായുന്നത് പണക്കാരുടെ മക്കളായിരുന്നതിനാല്‍ പോലീസ് ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. വെള്ളയമ്പലം മുതല്‍ കവടിയാര്‍ വരെയുള്ള സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന സൂചനകളും ഇതോടൊപ്പം വരുന്നുണ്ട്. ഗവര്‍ണ്ണറുടെ ഔദ്യോഗികവസതിയായ രാജ്ഭവനിലേക്കുള്ള പ്രധാന റോഡാണിത്. നിരവധി മന്ത്രിമന്ദിരങ്ങളുണ്ട്. ഇവിടെയാണ് അപകടകരമായ രീതിയില്‍ കാറുകള്‍ ചീറിപായുന്നത്.