കൊച്ചി: ആവേശത്താല്‍ ഇളകിയാടിയ കൊച്ചി മഞ്ഞയില്‍ കുളിച്ചു. രാവിനു ശോഭപകര്‍ന്ന് സല്മാന് ഖാനും കത്രീന കൈഫും പിന്നെ നമ്മുടെ സ്വന്തം മമ്മൂട്ടിയും. എല്ലാത്തിനുമുപരി ഇന്ത്യന്‍ കായികലോകം രാജപട്ടം നല്കിയ സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കറും. ഇന്ത്യ കളിച്ചു തുടങ്ങി, ഇനി കളി മാറും.
ഇന്ത്യന്‍ ഫുട്ബോളിന്റെ തലവര മാറ്റിയ പ്രഫഷണല്‍ ഫുട്ബോള്‍ എന്ന അനുഭവം, അതിന്റെ നാലാം പതിപ്പിന് കിക്കോഫായി. അതെ ലോകത്തെ ഏറ്റവും മനോഹരമായ കായിക ഇനത്തിന്റെ ഇന്ത്യന്‍ മാതൃകയ്ക്ക്, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് താരസമ്പന്നമായ തുടക്കം. രാവിനു നക്ഷത്രശോഭ പകര്‍ന്നാണ് സല്മാന് ഖാനും കത്രീന കൈഫുമെത്തിയത്. ഇരുവരുടെയും നൃത്തത്തിനു താളം പിടിച്ച കാണികള്‍ക്കു മുന്നില്‍ പന്തുമായെത്തിയത് മമ്മൂട്ടിയായിരുന്നു. ഇവർക്കൊപ്പം നിത അംബാനിയും സച്ചിന് തെണ്ടുല്‍ക്കറും നിറഞ്ഞുനിന്ന വേദിയെ നോക്കി കാണികള്‍ ആര്‍ത്തു വിളിച്ചു, ലെറ്റ്സ് ഫുട്ബോള്‍.
വെള്ളിത്തിരയിലെ മിന്നും താരങ്ങളുടെ പ്രകടനങ്ങള്‍ക്കു ശേഷമായിരുന്നു കേരളം കാത്തിരുന്ന നിമിഷമെത്തിയത്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ എന്നും മലയാളിക്കര നെഞ്ചോടുചേര്‍ക്കുന്ന സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ പേരു വിളിച്ചതോടെ മഞ്ഞക്കടല്‍ ഒന്നിളകി. പിന്നീടു ഗാലറികളില്‍ പിറന്നതു അണ പൊട്ടിയ ആവേശമായിരുന്നു. സച്ചിന്.. സച്ചിന് വിളികളാല്‍ മുഖരിതമായിരുന്നു കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറി.
കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ക്കു നടുവിലൂടെയെത്തിയ സച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയനായകന് സന്ദേശ് ജിങ്കനുമുണ്ടായിരുന്നു. എടികെ ക്യാപ്റ്റന്‍ ജോര്‍ഡി ഫിഗുറാസ് മോണ്ടല്‍ തുടര്‍ന്നു വേദിയിലേക്കെത്തി. ഇതിനുശേഷം നിത അംബാനിയും വേദിയിലെത്തി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിനു കിക്കോഫായ വിവരം നിത പ്രഖ്യാപിച്ചു. പിന്നീടെത്തിയ മമ്മൂട്ടി ഐഎസ്എലിന്റെ ഒഫീഷ്യൽ പന്ത് നിതയ്ക്കു കൈമാറി. താരങ്ങള്‍ ഏവരും ചേര്‍ന്നൊരു സെല്‍ഫിയും. ഉദ്ഘാടനച്ചടങ്ങുകളെ സമ്പന്നമാക്കിയ താരരാവിന് ഇതോടെ പര്യവസാനം. കളരിപ്പയറ്റുള്‍പ്പെടെയുള്ള കേരളത്തിന്റെ തനതുകലാരൂപങ്ങള്‍ ആഘോഷരാവിനു വര്‍ണപ്പകിട്ടായി.
ബംഗാളിലെ ഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള ചൗ എന്ന കലാ ഇനവും ചടങ്ങുകള്‍ക്ക് മാറ്റേകി. അണ്ടര്‍ 17 ലോകകപ്പിനു ശേഷം ഇന്ത്യയില്‍ വീണ്ടും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്നു. ഇനിയുള്ള നാലു മാസം അതു തുടരും.
സി.കെ. രാജേഷ്കുമാര്‍