കൊച്ചി : കുറ്റിപ്പുറത്തെ ഹോട്ടൽ മുറിയിൽ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലുൾപ്പെട്ട യുവാവും യുവതിയും ഒരുമിച്ചു ജീവിക്കുന്നതിനു തീരുമാനിച്ചു. യുവാവ് തന്റെ ഭർത്താവാണെന്നും ഭർതൃവീട്ടുകാർ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹേബിയസ് ഹർജിയിൽ യുവതിക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് യുവാവ് പറഞ്ഞു. തുടർന്ന് സ്വന്തം ഇഷ്ടത്തിന് പോകാൻ യുവാവിന് കോടതി അനുമതി നൽകി.
സെപ്റ്റംബർ 21 നാണ് മലപ്പുറം പുറത്തൂർ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റത്. ഒപ്പമുണ്ടായിരുന്ന പെരുന്പാവൂർ സ്വദേശിനിയായ യുവതി ഹോട്ടൽ അധികൃതരെ വിവരം അറിയിച്ച ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചു. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിന് യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് വാർത്ത പ്രചരിച്ചത്. തുടർന്ന് അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം ഹേബിയസ് ഹർജി നൽകുകയായിരുന്നു.
ഏപ്രിൽ 12 ന് പാലക്കാട്ടെ ഒരു ഖാസിയുടെ കാർമികത്വത്തിൽ തങ്ങൾ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ മനം നൊന്ത് താൻ കൈ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടെ യുവാവ് തടഞ്ഞെന്നും ഇതിനിടെ അബദ്ധത്തിൽ കത്തി യുവാവിന്റെ ജനനേന്ദ്രിയത്തിൽ കൊണ്ടെന്നും യുവതിയുടെ ഹർജിയിൽ പറയുന്നു.
സംഭവത്തെത്തുടർന്ന് യുവാവിന്റെ പിതാവും സഹോദരനും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നും ഇതിനുശേഷം പുറത്തിറങ്ങിയ തന്നോട് നവംബർ ആറ് വരെ യുവാവ് ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും ഇതിനുശേഷം ഒരു വിവരവുമില്ലെന്നും ഹർജിയിൽ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് നേരിട്ട് ഹാജരായ യുവാവിനോട് നിജസ്ഥിതി തിരക്കിയറിഞ്ഞു. തന്റെ ജനനേന്ദ്രിയത്തിന് അബദ്ധത്തിൽ മുറിവേറ്റതാണെന്നും യുവതിക്കൊപ്പം പോകണമെന്നും യുവാവ് വ്യക്തമാക്കി. തുടർന്നാണ് ഹൈക്കോടതി ഇതനുവദിച്ചത്.