മുംബൈ: സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുംമുന്പേ ബോളിവുഡ് ചിത്രം ‘പദ്മാവതി’യുടെ പ്രദർശനം നടത്തിയത് ശരിയായില്ലെന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി)അധ്യക്ഷൻ പ്രസൂൺ ജോഷി.
കഴിഞ്ഞ ദിവസമാണു മാധ്യമ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചത്. ചട്ടങ്ങൾ ധിക്കരിച്ചുകൊണ്ടു പ്രദർശനം നടത്തിയത് ഒരു രീതിയിലും ന്യായീകരിക്കാനാവില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാനായി സിനിമയുടെ നിർമാതാവ് സമർപ്പിച്ച അപേക്ഷ അപൂർണമായതിനാലാണ് ഇതുവരെ പ്രദർശനാനുമതി നൽകാത്തതെന്നും ജോഷി പ്രസ്താവനയിൽ അറിയിച്ചു. ചിത്രം ചരിത്രത്തെ അടിസ്ഥാനമാക്കിയുളളതാണോ അതോ സാങ്കൽപിക കഥയാണോ എന്നത് അപേക്ഷയിൽ വ്യക്തമായിട്ടില്ല. ഇതു വ്യക്തമാക്കാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകാനുമാകില്ല- ജോഷി അറിയിച്ചു. സങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നു പദ്മാവതിയുടെ നിർമാതാവ് പ്രതികരിച്ചു.
അപേക്ഷയിലെ സാങ്കേതിക പിഴവുകൾ ആരോപിച്ചു ചിത്രത്തിന്റെ പ്രദർശനം തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം അടുത്ത മാസം ആദ്യം തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.എന്നാൽ സെൻസർ ബോർഡ് സെൻസറിംഗ് പൂർത്തിയാക്കി ചിത്രം കൈമാറിയില്ലെങ്കിൽ റിലീസ് വീണ്ടും നീളും.