അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്. സാമ്പത്തിക പരിഷ്കാരങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് വിപണി ഉടന്‍ കരകയറില്ലെന്നും രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി മൂഡീസിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ സമീപകാല പരിഷ്കാരങ്ങളെ വിമര്‍ശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും മറ്റും അംഗീകരിക്കപ്പെട്ടുവെന്നും വിമര്‍ശകര്‍ ഇത് കണ്ണുതുറന്ന് കാണണമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.
2008ല്‍ വ്യാജ റേറ്റിംഗ് പുറത്തുവിടുകയും അതുവഴി അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്തതിനു വന്‍തുക പിഴയൊടുക്കിയ ഏജന്‍സിയാണു മൂഡീസ്. 864 മില്ല്യണ്‍ ഡോളറാണു മൂഡീസ് പിഴയൊടുക്കിയത്. ഇതിനുപുറമേ ആഗോള സംരഭങ്ങളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടത്തിയ റേറ്റിംഗ് എങ്ങനെ തയ്യാറാക്കിയതെന്നതിനു വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് 1.24 മില്യണ്‍ പൗണ്ടും മൂഡീസില്‍ നിന്ന് പിഴയായി ഈടാക്കിയിരുന്നു. മൂഡീസിന്റെ ജര്‍മ്മന്‍ ശാഖയില്‍ നിന്നും 75,0000 പൗണ്ടും യു.കെ ശാഖയില്‍ നിന്നും 490,000 പൗണ്ടുമാണ് പിഴയായി ഈടാക്കിയത്.