ശ്രീനഗർ: ഇന്ത്യൻ പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പോസ്റ്റു ചെയ്ത പാക് ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. പാക്കിസ്ഥാൻ ഡിഫൻസ് എന്ന വേരിഫൈഡ് അക്കൗണ്ടാണ് ട്വിറ്റർ മരവിപ്പിച്ചത്. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും രാജ്യത്തെ പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യുന്ന പേജാണിത്.
ഡൽഹി യൂണിവേഴ്സിറ്റി മനശാസ്ത്ര വിദ്യാർഥിനിയായ കവാൽപ്രീത് കൗറിന്റെ ചിത്രം മോർഫ് ചെയ്താണ് പാക്കിസ്ഥാൻ കുടുക്കിലായത്. പ്ലക്കാർഡുമായി നിൽക്കുന്ന കൗറിന്റെ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയായിരുന്നു പാക് ഓപ്പറേഷൻ. ഞാൻ ഇന്ത്യക്കാരിയാണ്. ഞാന്‍ ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്കൊപ്പം ഉറച്ചുനിൽക്കുമെന്നായിരുന്നു കൗറിന്റെ പ്ലക്കാർഡിലെ വാക്കുകൾ. എന്നാൽ ഇതിൽ തിരുത്തൽ വരുത്തുകയാണ് പാക്കിസ്ഥാൻ ചെയ്തത്.
ഞാന്‍ ഇന്ത്യക്കാരിയാണ്. പക്ഷേ ഇന്ത്യയെ വെറുക്കുന്നു. കാരണം ഇന്ത്യ സാമ്രാജ്യത്വ ഭരണകൂടമാണ്. നാഗാലാന്‍ഡ്, കാഷാമീര്, മണിപ്പൂര്‍, ഹൈദരാബാദ്, ജുനാഗഡ്, സിക്കിം, മിസോറാം, ഗോവ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ കൈയടക്കി വച്ചിരിക്കുകയാണെന്നുമാണ് തിരുത്തി എഴുതിയത്. സംഭവം വൈറലായതോടെ പാക്കിസ്ഥാനെതിരെ ശക്തമായ വിമർശമാണ് ഉണ്ടായത്. പാക് ഡിഫന്‍സ് പേജിനെതിരെ പരാതികളുടെ പ്രവാഹമാണ് ഉണ്ടായത്. ഒടുവില്‍ അവര്‍ ഈ ചിത്രം പേജില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ പരാതികള്‍ അവിടം കൊണ്ട് അവസാനിക്കാതെ വന്നതോടെയാണ് ട്വിറ്റര്‍ പാക് ഡിഫന്‍സിന്റെ പേജ് സസ്പെന്‍ഡ് ചെയ്തത്.