ചങ്ങനാശേരി: അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപ വിലവരുന്ന ഇരുതലമൂരിയുമായി സ്ത്രീയടക്കം ഏഴംഗസംഘം പിടിയിൽ. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡാണ് ചങ്ങനാശേരിയിൽനിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
തൃക്കൊടിത്താനം പൊട്ടശേരി കൃഷ്ണപ്രഭ വീട്ടിൽ രാധാകൃഷ്ണൻ(48), ഇയാളുടെ സുഹൃത്ത് തൃശൂർ കൊണ്ടഴി മങ്ങാട്ടിൽ അശോകൻ(46), ഇയാളുടെ ഭാര്യ തിരുവനന്തപുരം പാലോട് സ്വദേശി സുലഭ(44), കാസർഗോഡ് ബദിയടുക്ക ഉഥാംകോട് മുഹമ്മദ് യാസിൻ(30), കാസർഗോഡ് ചെങ്കുളം നെല്ലിക്കാട് ഗുരുനഗർ വിനുകുമാർ(21), പെരുന്പാവൂർ കോന്നാംകുരി നവാസ്(36), എറണാകുളം പഴന്തോട്ടം മാരിയിൽ സുധീഷ് (വിനായകൻ-38)എന്നിവരാണ് അറസ്റ്റിലായത്.
ഇരുതലമൂരി(സാന്റ് ബോയ)യെ സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിനു ലഭിച്ച വിവരമാണു പ്രതികളെ കുടുക്കിയത്. മണ്ണൂലി എന്നറിയപ്പെടുന്ന ഇരുതലമൂരി കേരളത്തിൽ കാണപ്പെടു ന്നവയല്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
പോലീസ് പറയുന്നതിങ്ങനെ: വിദേശ വിപണിയിൽ കോടികൾ വിലമതിക്കുന്ന ഇരുതലമൂരിയെ വാങ്ങാനായി കാസർഗോഡുകാർ ഉൾപ്പെടുന്ന നാലംഗസംഘം പാലാത്രച്ചിറയിലുള്ള ബാറിൽ മുറിയെടുത്ത് ഇടപാടുകൾ നടത്തുന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ചു. ആന്റി ഗുണ്ടാ സ്ക്വാഡ് നടത്തിയ രഹസ്യ നിരീക്ഷണത്തിൽ ഇവരെ ചങ്ങനാശേരി ബൈപാസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യം അറസ്റ്റിലായ മുഹമ്മദ് യാസിൻ, വിനുകുമാർ, നവാസ്, സുധീഷ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പൊട്ടശേരി സ്വദേശി രാധാകൃഷ്ണന്റെ വീട്ടിലാണ് ഇരുതലമൂരിയെ സൂക്ഷിച്ചിരിക്കുന്നതെന്നറിഞ്ഞത്. ഇവരുമായി പോലീസ് സംഘം രാധാകൃഷ്ണന്റെ വീട്ടിലെത്തുകയും മണ്ണു നിറച്ച ബാഗിൽ സൂക്ഷിച്ചിരുന്ന ഇരുതലമൂരിയെ കണ്ടെടുക്കുകയുമായിരുന്നു. ഇവിടെനിന്നാണ് രാധാകൃഷ്ണനെയും അശോകനെയും സുലഭയെയും അറസ്റ്റ് ചെയ്തത്.
പല രാജ്യങ്ങളിലും മന്ത്രവാദ കർമങ്ങൾക്കും മറ്റും ഇരുതലമൂരിയെ ഉപയോഗിക്കുന്ന സംഘങ്ങളുണ്ട്.മാന്നാർ സ്വദേശിയായ രാധാകൃഷ്ണൻ ഏതാനും വർഷം മുന്പാണ് തൃക്കൊടിത്താനം പൊട്ടശേരിയിൽ താമസം തുടങ്ങിയത്. ചെന്നെയിൽ വച്ചാണ് അശോകനും സുലഭയുമായി പരിചയപ്പെട്ടത്.
ഇവർ മൂവരും ചേർന്നു ഹൈദരാബാദിൽനിന്നു രണ്ടാഴ്ച മുന്പാണ് 25 ലക്ഷം രൂപയ്ക്ക് ഇരുതലമൂരിയെ വാങ്ങി പൊട്ടശേരിയിലുള്ള വീട്ടിലെത്തിച്ചത്. ഒന്നരക്കോടി രൂപ ഈ ഇരുതലമൂരിക്കു വിലവരുമെന്നാണു വനംവകുപ്പധികൃതർ പറയുന്നത്. ഇരുതലമൂരിയെയും പ്രതികളെയും ഇന്നലെ രാത്രി പോലീസ് എരുമേലി ഫോറസ്റ്റ് റേഞ്ച് അധികൃതർക്കു കൈമാറി. പ്രതികളുടെ മുന്തിയ ഇനം കാറുകളും പിടിച്ചെടുത്തു.
ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, എസ്ഐ എം.കെ.ഷെമീർ, തൃക്കൊടിത്താനം എസ്എ റിച്ചാർഡ് വർഗീസ് സ്ക്വാഡ് അംഗങ്ങളായ കെ.കെ.റജി, അൻസാരി, മണികണ്ഠൻ, അരുണ്, പ്രദീപ് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.