തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍ കെണി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷൻ 21നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് സമർപ്പിക്കും. മുൻ ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു റിപ്പോർട്ട് സമർപ്പിക്കുക.
എൻസിപി പ്രതിനിധിയായ എ.കെ. ശശീന്ദ്രന്റെ രാജിയെത്തുടർന്നു മന്ത്രിയായ തോമസ് ചാണ്ടിയും കായൽ കൈയേറ്റം അടക്കമുള്ള നിയമലംഘനത്തിന്റെ പേരിൽ കഴിഞ്ഞ ബുധനാഴ്ച രാജിവച്ചിരുന്നു. കുറ്റവിമുക്തനായി ആദ്യമെത്തുന്ന എൻസിപി പ്രതിനിധിക്കു മന്ത്രിസ്ഥാനം തിരികെ നൽകാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. അഭിമുഖത്തിനെത്തിയ ചാനൽ മാധ്യമ പ്രവർത്തകയോടു ശശീന്ദ്രൻ ഫോണിലൂടെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. ഫോണിലൂടെ ശശീന്ദ്രൻ മോശമായി സംസാരിച്ചെന്നു പരാതി നൽകിയ യുവതിയുടെ പരാതി പിൻവലിച്ചുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ഹർജി പിൻവലിക്കുന്നതിൽ നിർണായകമാണ്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനു രൂപീകരിച്ച ജുഡീഷൽ കമ്മീഷന്റെ കാലാവധി ഡിസംബർ 31 വരെയുണ്ട്. കേസുമായി ബന്ധപ്പെട്ട് 30ലേറെ പേരുടെ മൊഴി എടുത്തു. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ രേഖകളും കമ്മീഷൻ ശേഖരിച്ചിരുന്നു.