തൃശൂർ: ജ്വല്ലറിയുടമകളുമായി സൗഹൃദം സൃഷ്ടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന മൂന്നംഗ സംഘത്തെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വീട്ടിൽ ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നീ പേരുകളിൽ അറിയപ്പെടുന്ന എറണാകുളം കുന്പളങ്ങി സ്വദേശിനി തണ്ടാശേരി വീട്ടിൽ പൂന്പാറ്റ സിനി എന്ന സിനിലാലു (38), തൃശൂർ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടിൽ ബിജു (33), അരിന്പൂർ സ്വദേശി കൊള്ളന്നൂർ താഞ്ചപ്പൻ വീട്ടിൽ ജോസ് (49), എന്നിവരാണ് അറസ്റ്റിലായത്.
ഹൈറോഡിലുള്ള പ്രമുഖ ജ്വല്ലറി ഉടമയെ വലയിലാക്കി ഇരുപതു ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയ കേസിലാണ് അറസ്റ്റ്. ആറുമാസം മുന്പ് പൂന്പാറ്റ സിനി ഈ ജ്വല്ലറിയിലെത്തി ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങിയിരുന്നു. തുടർന്ന് ജ്വല്ലറിയുടമയുമായി സൗഹൃദത്തിലാവുകയുമായിരുന്നു. ബിസിനസുകാരിയാണെന്നും, കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ റിസോർട്ടുകൾ ഉണ്ടെന്നും, മകൾ എംബിബിഎസിന് പഠിക്കുകയാണെന്നും, അതാണ് തൃശൂരിൽ താമസിക്കുന്നതെന്നും പറഞ്ഞാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്.
അതിനുശേഷം ജ്വല്ലറിയുടമയുമായി നിരന്തരം ഫോണിൽ സംസാരിക്കുകയും നിരവധി തവണ ജ്വല്ലറിയിലെത്തുകയും ചെയ്തു. തുടർന്ന് മറ്റൊരു ജ്വല്ലറിയിൽ 17 ലക്ഷത്തിന്റെ സ്വർണം പണയത്തിലുണ്ടെന്നും, അവിടെനിന്നും സ്വർണം എടുത്ത് ഇവിടുത്തെ ജ്വല്ലറിയിൽ പണയം വെക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ ജ്വല്ലറി ഉടമയിൽ നിന്നു വാങ്ങുകയായിരുന്നു. പിന്നീട് എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നും മറ്റും പറഞ്ഞ് മൂന്നു ലക്ഷം രൂപയും 70 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. സിനിയുടെ സഹായികളാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.