കാളികാവ്: കാര്‍ഷിക മേഖലയോടു ചേര്‍ന്ന വനാതിര്‍ത്തിയില്‍ ചിങ്കക്കല്ല് മലവാരത്തില്‍ കാട്ടുപന്നികള്‍ വീണ്ടും ചത്തൊടുങ്ങുന്നു. പുഴയുടെ കൈവഴിയായ വള്ളിപ്പുള മൂര്ത്തിച്ചോലയിലാണ് കഴിഞ്ഞദിവസം രാവിലെ കാട്ടുപന്നിയെ അഴുകിയ നിലയില്‍ കണ്ടത്. രോഗബാധയെ തുടര്‍ന്നാണ് കൂട്ടത്തോടെ കാട്ടുപന്നികള്‍ ചാവുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
കുടിവെള്ളെ സ്രോതസായ ചോലയിലാണ് പന്നി ചത്ത് അഴുകിയ നിലയില്‍ കിടക്കുന്നത്. രോഗം ബാധിച്ച് ചത്ത പന്നികള്‍ കാരണം മനുഷ്യരിലേക്ക് രോഗം പകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. വിദഗ്ധ പരിശോധന നടത്തി ആശങ്ക ദൂരീകരിക്കണമെന്ന് നാട്ടുകാര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നിരവധി കാട്ടുപന്നികളാണ് ചിങ്കക്കല്ല് നെല്ലിക്കര വനമേഖലയില്‍ ചത്തത്. വനപാലകരോട് വിവരം അറിയിക്കുന്ന മുറക്ക് കുഴി വെട്ടി പന്നികളെ അതിലിട്ട് മൂടും.
കുഴി വെട്ടുന്നത് വേണ്ടത്ര ആഴമില്ലാത്തതിനാല്‍ ചത്ത പന്നികളെ കുഴിച്ചിടുന്നതിന്റെ പരിസരങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. ആട് മാടുകളെ മേക്കുന്നതിനും , അവക്ക് തീറ്റപ്പുല്ലുകള്‍ ശേഖരിക്കുന്നതിനും ആളുകള്‍ വനത്തെയാണ് ആശ്രയിക്കുന്നത്. കാട്ട് ചോലകളും പുഴയും മേഖലയിലെ പ്രധാന കുടിവെള്ള സ്രോദസുകളുമാണ്. അതുകൊണ്ട് തന്നെ അടുത്തിടെ പ്രദേശത്ത് കൂടുതല്‍ പന്നികള്‍ ചത്തതോടെ കാരണം കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.