തിരുവനന്തപുരം: കടലാസിലെ പുലികളെ കളിത്തട്ടില്‍ മലര്‍ത്തിയടിച്ചപ്പോള്‍ കേരളത്തെ ബാറ്റുകൊണ്ട് നയിച്ചത് സഞ്ജുവും ബോളുകൊണ്ട് നയിച്ചത് സിജോമോന്‍ ജോസഫും. കഴിഞ്ഞ സീസണിലെ നിറം മങ്ങലില്‍ നിന്നു ശക്തമായ തിരിച്ചുവരവാണ് സഞ്ജു സാംസണ് ഇക്കുറി നടത്തിയത്. ആദ്യമായി കേരളാ ടീമില്‍ ഇടം നേടി നാലുമത്സരങ്ങളിലായി 19 വിക്കറ്റുകള്‍ വീഴ്ത്തി സിജോമോന്‍ ബോള്‍ കൊണ്ട് എതിരാളികളെ വിറപ്പിച്ചു.
ശക്തരായ സൗരാഷ്ട്രയ്ക്കെതിരേ രണ്ടിന്നിംഗ്സിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസണ് കാഴ്ചവച്ചത്. ഹോം ഗ്രൗണ്ടില്‍ കാണികള്‍ക്ക് ബാറ്റുകൊണ്ട് മികച്ച വിരുന്ന് ഈ തലസ്ഥാനക്കാരന് ഒരുക്കി. തുമ്പയില്‍ സൗരാഷ്ട്രയ്ക്കെതിരേ ആദ്യ ഇന്നിംഗ്സില്‍ കേരളം തകര്‍ച്ചയുടെ വക്കില്‍ നിന്നപ്പോള്‍ ബാറ്റിംഗിന്റെ നെടുനായകത്വം സഞ്ജു ഏറ്റെടുത്തു.
സൗരാഷ്ട്ര ബൗളിംഗിന്റെ കുന്തമുനയായ ജഡേജയുടെ ബോളുകളെ വളരെ കൃത്യതയോടെ നേരിട്ട സഞ്ജു 104 പന്തില്‍ നിന്ന് 68 റണ്‍സാണ് കേരളത്തിന് സമ്മാനിച്ചത്. കേരളത്തിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചതും സഞ്ജുവിന്റെ ഈ പ്രകടനമായിരുന്നു. രണ്ടാം ഇന്നിംഗ്സിലാണ് ഈ കേരള താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിനു തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.
ഫാസ്റ്റ് ബൗളര്‍മാരേയും സ്പിന്‍ ബൗളര്‍മാരേയും ഒരേ പോലെ നേരിട്ട സഞ്ജു കേരളത്തിന് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടിക്കൊടുത്തു. ആദ്യ ഇന്നിംഗ്സില്‍ 225 റണ്‍സിന് കേരളത്തെ പുറത്താക്കിയ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ സഞ്ജുവിനു മുന്നില്‍ കാലിടറുന്ന ദൃശ്യമാണ് കണ്ടത്.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു 180 പന്തില്‍ നിന്നും സ്വന്തമാക്കിയത് 175 റണ്‍സ്. രഞ്ജിയില്‍ ഈ സീസണില്‍ ഇതിനോടകം നാലുകളികളില്‍ നിന്നായി രണ്ടു സെഞ്ചുറിയും അത്ര തന്നെ അര്‍ധസെഞ്ചുറിയും സഞ്ജു നേടിക്കഴിഞ്ഞു. ഇനി കാത്തിരിക്കാം ഇന്ത്യന്‍ ടീമിലേക്കുള്ള ഒരു മടങ്ങിവരവിനായി.
ആദ്യമായി കേരള ടീമില്‍ ഇടം നേടിയ സിജോമോന്‍ പന്തുകൊണ്ട് എതിരാളികളെ വട്ടം കറക്കി. രണ്ട് ഇന്നിംഗ്സുകളിലുമായി സൗരാഷ്ട്രയുടെ ഏഴു വിക്കറ്റാണ് ഈ സ്പിന്നര്‍ തുമ്പയില്‍ സ്വന്തമാക്കിയത്.
കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ സിജോമോന്‍ മുത്തോലി സെന്റ് ആന്റണീസ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫാസ്റ്റ് ബൗളറായി ജില്ലാ ടീമില്‍ ഇടം നേടുന്നത്. മുന്‍ കേരള ക്യാപ്റ്റന്‍ അനന്തപത്മനാഭന് സിജോമോനെ സ്പിന്നിലേക്ക് വഴി തിരിച്ചു വിട്ടു. ഇതോടെ സിജോമോന്‍ 14 വയസില്‍ താഴെയുള്ളവരുടെ കേരള ടീമീല്‍ ഇടം നേടി.
തുടര്‍ന്ന് അണ്ടര്‍ 16,19 കേരളാ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്തി. അവിടെ നിന്നാണ് സിജോമോന്‍ സീനിയര്‍ ടീമിലേക്ക് ഇടം നേടിയത്.
കഴിഞ്ഞ നാലു രഞ്ജി മത്സരങ്ങളില്‍ നിന്നായി 19 വിക്കറ്റുകള്‍ സിജോമോന്‍ പിഴുതു. ഇതില്‍ രാജസ്ഥാനെതിരേ ഒരിന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് ഉള്‍പ്പെടെ രണ്ട് ഇന്നിംഗ്സിലായി ആറു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ജമ്മു കാഷ്മീരിനെതിരേ രണ്ട് ഇന്നിംഗ്സുകളിലായി അഞ്ചു വിക്കറ്റ്. ഗുജറാത്തിനെതിരേ ഒരുവിക്കറ്റ്. ആദ്യ രഞ്ജി ട്രോഫിയിലെ സിജോമോന്റെ പ്രകടനം ഏറെ മികച്ചതാണെന്നു ക്രിക്കറ്റ് വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ കണ്ടെത്തലുകളിലൊന്നായി മാറി സിജോമോന്‍. കിടങ്ങൂര്‍ മേക്കാട്ടേല്‍ പരേതനായ ജോസഫിന്റെയും ലിസി ജോസഫിന്റെയും ഇളയപുത്രനാണ് സിജോമോന്‍.
തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി. പത്താം ക്ലാസിനു ശേഷം മാന്നാനം കെ.ഇ. സ്കൂള്‍ ക്രിക്കറ്റ് അക്കാഡമിയിലായിരുന്നു പരിശീലനം. അവിടെ നിന്നാണ് തേവരയിലേക്ക് ബിരുദത്തിനായി ചേര്‍ന്നത്. കേരളത്തിന്റെ ഈ മികച്ച സ്പിന്നര്‍ ദേശീയ തലത്തില്‍ മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരള കോച്ചും ക്യാപ്റ്റനും.
തോമസ് വര്‍ഗീസ്