ആലപ്പുഴ: എടത്വയിൽ മധു എന്ന യുവാവിനെ വെള്ളക്കെട്ടിൽ മരിച്ചനിലയിലും, ലിന്റോ എന്ന യുവാവിന്റെ അസ്ഥികൂടം തകഴി റെയിൽവേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലും കാണപ്പെട്ട സംഭവങ്ങൾ കൊലപാതകമെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ യുവാവും ബന്ധുവും അറസ്റ്റിലായി.
തകഴി പഞ്ചായത്ത് എട്ടാം വാർഡ് ചെക്കിടിക്കാട് കറുകത്തറ മധു(40)വിനെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലും ചെക്കിടിക്കാട് തുരുത്തുമാലിയിൽ ലിന്റോ(26) എന്നു വിളിക്കുന്ന വർഗീസ് ഒൗസേഫിന്റെ അസ്ഥികൂടം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ സംഭവത്തിലുമാണ് അറസ്റ്റ്. മുഖ്യപ്രതി എടത്വ പച്ച കാഞ്ചിക്കൽ വീട്ടിൽ മനുവെന്നു വിളിക്കുന്ന മോബിൻ മാത്യു(25), ഇയാളുടെ പിതൃസഹോദരപുത്രൻ ജോഫിൻ ജോസഫ് (25) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഈ യുവാക്കളുടെ മരണം. ആക്ഷൻ കൗൺസിലിന്റെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. അവർ കേസ് ഏറ്റെടുക്കാനിരിക്കെയാണ് നിർണായകമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ 19നാണ് മധുവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മധുവിന്റെ കൊലപാതകവുമായി മോബിനും ലിന്റോയ്ക്കും ബന്ധമുണ്ടായിരുന്നെന്നു പോലീസ് പറയുന്നു. നുണപരിശോധനയ്ക്കു ഹാജരാ കേണ്ടതിനു തലേ ന്നായ ജൂൺ10നാ ണു ലിന്റോയെ കാണാതായത്. ഇയാൾ സത്യം പോലീസിനോടു വെളിപ്പെടുത്തുമെന്ന ഭീതിയിൽ മുഖ്യപ്രതി മോബിൻ ബന്ധുവായ ജോഫിനെകൂട്ടി ലിന്റോയെ വകവരുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
സെപ്റ്റംബർ 19ന് അസ്ഥികൂടം തകഴിയിൽ റെയിൽവേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തി. ഡിഎൻഎ പരിശോധന നടത്തി അസ്ഥികൂടം ലിന്റോയുടേതാണെന്നു തിരിച്ചറിഞ്ഞു.
ചോദ്യംചെയ്യൽ ഭയന്ന് ജീവനൊടുക്കിയതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, രണ്ടു മരണങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിൽ ശാസ്ത്രീയമായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോബിനും ജോഫിനും പിടിയിലായത്. മദ്യപാനത്തിനിടെയുണ്ടായ തർക്കവും മുഖ്യപ്രതിയുടെ സഹോദരിയെ ശല്യപ്പെടുത്തിയതിന്റെ പേരിലുള്ള വൈരാഗ്യവുമാണു മധുവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് വെളിപ്പെടുത്തി.