ഇരിങ്ങാലക്കുട: പൊറത്തിശേരി കലാസമിതിക്കുസമീപം വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവുവില്പന നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. ചെമ്മണ്ട സ്വദേശികളായ കളരിക്കൽ വീട്ടിൽ അജിത്ത് (22), വാക്കയിൽ വീട്ടിൽ അഭിജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് അന്പതോളം പാക്കറ്റ് കഞ്ചാവു പിടികൂടി. തമിഴ്നാട്ടിലെ മധുരയിൽനിന്ന് ആഢംബര വാഹനത്തിൽ ചെക്ക്പോസ്റ്റുകളിൽപെടാതെ രഹസ്യവഴിയിലൂടെ കഞ്ചാവു കേരളത്തിലേക്കു കടത്തുകയാണ് ഇവരുടെ രീതി.
ഒരു പാക്കറ്റിന് 800 രൂപ നിരക്കിലാണു പ്രതികൾ കഞ്ചാവു വില്പന നടത്തിയിരുന്നത്. അയൽസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റുമാണു വില്പന നടത്തുന്നത്. ഒന്നാം പ്രതി അജിത്ത് വിദേശത്തുണ്ടായിരുന്ന ജോലി രാജിവച്ചാണു കഞ്ചാവു കച്ചവടം നടത്തുന്നത്. രണ്ടാം പ്രതി അഭിജിത്ത് കോളജ് വിദ്യാർഥിയാണ്. പോലീസിനെ കണ്ട പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമംനടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിൽ ട്രാഫിക് എസ്ഐ തോമസ് വടക്കൻ, സീനിയർ സിപിഒമാരായ വി.എസ്. രഘു, അനീഷ്കുമാർ, മുരുകേഷ് കടവത്ത്, ശ്രീനിവാസൻ, രാഗേഷ്, വനിത സിപിഒ ഡാജി എന്നിവർ ഉണ്ടായിരുന്നു.