ചേർത്തല: പാർട്ടി ഓഫീസ് നിർമിച്ചിരിക്കുന്നത് അനധികൃതമാണെന്ന വിവാദത്തിനുപിന്നാലെ പട്ടയവിവാദവും ഉയർന്നതോടെ ചേർത്തലയിൽ സിപിഐ പ്രതിരോധത്തിൽ. സിപിഐയുടെ പോഷക സംഘടനയ്ക്ക് ലഭിച്ച പട്ടയഭൂമി മറിച്ചുവിറ്റുവെന്ന ആരോപണമാണ് സിപിഐയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പട്ടയം ലഭിച്ച ഏഴ് സെന്റ് ഭൂമി മറിച്ചുവിറ്റ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നടപടിയാണ് പാർട്ടിക്ക് തിരിച്ചടിയായത്. 1977 ലാണ് ഭൂമിയ്ക്ക് പട്ടയം നൽകിയത്. ഭൂസംരക്ഷണ നിയമത്തിനു വിരുദ്ധമായാണ് പട്ടയം നൽകിയതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
നഗരത്തോട് ചേർന്ന് ദേശീയപാതയോരത്ത് തണ്ണീർമുക്കം വടക്കു വില്ലേജിൽപെട്ട സർവെ നന്പർ ഒന്ന്/ഒന്ന്(ബ്ലോക്ക് 27) 2.98 ആർസ് ഭൂമിയാണ് സംഘടനയ്ക്ക് നൽകിയത്. 1997 ഫെബ്രുവരി 27 ന് പട്ടയഭൂമി തൈക്കാട്ടുശേരി സ്വദേശിക്ക് തീറാധാരം നടത്തിയതായാണ് വിവരം. 2002 ൽ ഭൂമി രണ്ടു പേർക്കായി കെമാറ്റം ചെയ്തെന്നും രേഖകളിൽ പറയുന്നു.
കാർഷികാവശ്യത്തിനായി വർഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിക്കാണ് ഭൂസംരക്ഷണ നിയമപ്രകാരം പട്ടയം നൽകുന്നത്. കർഷകർക്കോ വ്യക്തികൾക്കോ ഭൂമി നൽകാവൂ എന്ന മാനദണ്ഡത്തിന് വിരുദ്ധമായാണ് സർവീസ് സംഘടനക്ക് പട്ടയം നൽകിയതെന്നാണ് വിമർശനം. ഭൂമിക്ക് എഴുപത് ലക്ഷത്തോളം രൂപ മതിപ്പ് വിലവരും. പട്ടയദാനം നിയമവിരുദ്ധവും സ്വജനപക്ഷപാതവുമായിരുന്നെന്ന് ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. രാജീവ് പറഞ്ഞു.
ഇടുക്കിയിലും മൂന്നാറിലും ഉയരുന്ന പട്ടയദാന വിവാദങ്ങളേക്കാൾ ഗൗരവകരമാണിതെന്നും ഇത്തരത്തിൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ ഭരണ സ്വാധീനത്തിൽ അനധികൃത പട്ടയദാനങ്ങൾ നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടയം ലഭിച്ചതും കൈമാറ്റം ചെയ്തതും നിയമം പാലിച്ചാണെന്ന് ജോയിന്റ് കൗണ്‍സിൽ മുൻ സംസ്ഥാന ചെയർമാൻ ആർ. സുഖലാൽ പറഞ്ഞു. അനധികൃതമായി ഓഫീസ് കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ ഭൂമി മറിച്ചുവിറ്റ സംഭവം സജീവചർച്ചയായത് ചേർത്തലയിൽ പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ്.