കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു. ആറ് ദിവസത്തേക്ക് പാസ്പോർട്ട് തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ദേ പുട്ട് ഹോട്ടൽ ശ്യംഖലയുടെ ദുബായിലെ ശാഖ ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടിയത്.
ദിലീപിന് ജാമ്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിൽ ഇളവ് നൽകരുതെന്ന് പോലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോകാൻ അനുമതി തേടി ദിലീപ് സർപ്പിച്ച ഹർജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്.
ദിലീപിന് ഇളവ് നൽകരുതെന്നും വിദേശത്തേക്ക് കടക്കാൻ അനുമതി നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാഹചര്യമുണ്ടാകുമെന്നുമായിരുന്നു പോലീസ് നിലപാട്.