കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം ഉച്ചയോടെ സമർപ്പിക്കും. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബൈജു പൗലോസ് കുറ്റപത്രം ഉച്ചയ്ക്കു മുന്പുതന്നെ സമർപ്പിക്കുമെന്നാണു വിവരം.
ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തി യിരിക്കുന്നത് മുൻ ഭാര്യ മഞ്ജു വാര്യരെയാണ്. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. ഇതിൽ 50 സാക്ഷികൾ സിനിമ മേഖലയിൽ നിന്നാണ്. വിപിൻലാൽ പോലീസുകാരൻ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും.
ആകെ 11 പേരെ പ്രതികളാക്കിയാണു പോലീസ് കുറ്റപത്രം നല്കുന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയ പൾസർ സുനിയാണ് ഒന്നാം പ്രതി. ഗൂഢാലോചനയിൽ പൾസർ സുനിയും ദിലീപും മാത്രമാണു പങ്കെടുത്തതെന്നും കുറ്റപത്രത്തിൽ പറയുന്നതായാണു വിവരം. നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ആദ്യ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. ഇപ്പോൾ അനുബന്ധ കുറ്റപത്രമാണ് നൽകുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന് വേണ്ടി മറ്റ് ചിലർ ശ്രമിച്ച കാര്യം കുറ്റപത്രത്തിൽ ഉൾപ്പെടുത്തുമെന്നാണു സൂചന.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിൽനിന്നും അന്വേഷണ സംഘം പിന്തിരിയുകയായിരുന്നു. അതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുമെന്നാണു സൂചന. കേസിലെ സാക്ഷികളെ ദിലീപ് നേരിട്ടോ പരോക്ഷമായോ സ്വാധീനിച്ചു മൊഴി മാറ്റിക്കുന്നതായി ആരോപിച്ചാണു പ്രോസിക്യൂഷൻ നീക്കം.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുകയാണു വേണ്ടതെന്ന് ചൊവ്വാഴ്ച ഹൈക്കോടതി പറഞ്ഞിരുന്നു.