ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡിയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം. യുവന്റസും ബാഴ്സലോണയും ഇന്നു നേര്‍ക്കുനേര്‍ വരുകയാണ്. ഇന്നത്തെ മത്സരത്തില്‍ യുവന്റസിനു ജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാനാകും.
പോയിന്റ് നിലയില്‍ ബാഴ്സലോണയ്ക്കു പിന്നില്‍ രണ്ടാമതാണ് യുവന്റസ്. മറ്റൊരു മത്സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്പോര്‍ട്ടിംഗ് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കസിനെ നേരിടാനിറങ്ങും. ഈ മത്സരത്തില്‍ സ്പോര്‍ടിംഗ് ജയിക്കുകയും യുവന്റസ് ബാഴ്സലോണയോട് പരാജയപ്പെടുകയും ചെയ്താല്‍ സീരി എ ചാമ്പ്യന്മാര്ക്ക് അവസാന മത്സരംവരെ കാത്തിരിക്കേണ്ടിവരും. ഒളിമ്പിയാക്കസിനെതിരേയാണ് യുവന്റസിന്റെ അവസാനത്തെ മത്സരം.
ബാഴ്സലോണയും യുവന്റസും ന്യൂകാമ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ആതിഥേയര്‍ 3-0ന് ജയിച്ചു. എവേ പോരാട്ടത്തില്‍ നേരിട്ട പരാജയത്തിനു സ്വന്തം ഗ്രൗണ്ടില്‍ പകരം വീട്ടാനാണ് യുവന്റസ് ഇറങ്ങുന്നത്. ബാഴ്സലോണ കഴിഞ്ഞ മത്സരത്തില്‍ ഒളിമ്പിയാക്കസിനോട് അപ്രതീക്ഷിത ഗോള്‍രഹിത സമനില വഴങ്ങി.
ഈ സീസണില്‍ ലാ ലിഗയില്‍ ബാഴ്സലോണ മികച്ച ഫോമിലാണ്. പോയിന്റ് നിലയില്‍ മുന്നിലുള്ള ബാഴ്സലോണ 12 കളിയില്‍ 11ഉം ജയിച്ചു, ഒരണ്ണം സമനിലയായിരുന്നു. 34 ഗോള്‍ നേടിക്കഴിഞ്ഞ ബാഴ്സലോണ നാലു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ. നിലവിലെ സീരി എ ചാമ്പ്യന്മാരായ യുവന്റസിനു കഴിഞ്ഞ സീസണിലെ മികവിലെത്താനായിട്ടില്ല. 13 കളിയില്‍ 10 ജയം ഒരു സമനില നേടിയപ്പോള്‍ രണ്ടു തോല്‍വി നേരിടേണ്ടിവന്നു.
കഴിഞ്ഞ ദിവസം സീരി എയില്‍ സാംപ്ഡോറിയയോട് 3-2ന് തോല്‍ക്കുകയും ചെയ്തു. നിലവിൽ മൂന്നാം സ്ഥാനത്താണ്. ആ തോല്‍വിയേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു മുക്തരാകാന്‍ യുവന്റസിന് ഇന്നു ജയിച്ചേ തീരൂ. ടൂറിനില്‍ ഇതുവരെ ബാഴ്സലോണയ്ക്കു യുവന്റസിനെ പരാജയപ്പെടുത്താനായിട്ടില്ല.
ഗ്രൂപ്പ് എയില്‍ ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ മത്സരത്തില്‍ എഫ്സി ബേസലിനെ നേരിടും. ഇന്ന് ജയിച്ചാല്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറിലെത്തും. യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലെ നാലു കളിയും ജയിച്ച് പോയിന്റ് നിലയില്‍ ഒന്നാമതാണ്. പോള്‍ പോഗ്ബ, സ്ലാട്ടന് ഇബ്രാഹിമോവിച്ച് എന്നിവര്‍ തിരിച്ചെത്തിയത് യുണൈറ്റഡിനെ കൂടുതല്‍ കരുത്തരാക്കി. റൊമേലു ലുക്കാക്കു ഗോള്‍ നേടാന്‍ തുടങ്ങിയും ഹൊസെ മൗറിഞ്ഞോയുടെ ടീമിന് ആശ്വാസമാണ്.
മറുവശത്തുള്ള ബേസലാണെങ്കില് ജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്കോ സ്വന്തം ഗ്രൗണ്ടില്‍ ഒരു പോയിന്റ് പോലും നേടാത്ത ബെന്‍ഫിക്കയെ നേരിടും. ഗ്രൂപ്പ് ബിയില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച പിഎസ്ജി പാരീസില്‍ സെല്റ്റിക്കെയും ബയേണ്‍ മ്യൂണിക് എവേ ഗ്രൗണ്ടില്‍ ആന്ഡെര്ലെച്ചിറ്റിനെയും നേരിടും.
ഗ്രൂപ്പ് സിയില്‍ അത്ലറ്റിക്കോ മാഡ്രിഡ് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. സ്വന്തം ഗ്രൗണ്ടില്‍ അത്ലറ്റിക്കോ ഒന്നാം സ്ഥാനത്തുള്ള എഎസ് റോമയെ നേരിടും. ഇന്നു സമനിലയോ തോല്‍വിയോ നേരിട്ടാല്‍ അത്ലറ്റിക്കോ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. രണ്ടാം സ്ഥാനത്തുള്ള ചെല്‍സി അവസാന സ്ഥാനത്തുള്ള ക്വാരബാഗുമായി ഏറ്റുമുട്ടും.