മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കോടികൾ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ മുഖ്യ സൂത്രധാരകനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മുഖ്യ സൂത്രധാരനായ കാസർഗോഡ് ഹോസ്ദുർഗിലെ ലക്ഷ്മി നഗറിൽ കുന്നുമ്മൽ വീട്ടിൽ അബ്ദുൾ റസാഖ് (53) എന്ന ചിറാകുട്ടി റസാഖ്, ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പണ്ഡിറ്റ് നിവാസിൽ അനിൽ രാഘവൻ (53) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ എഎസ്ഐ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.പി.സജീഷ്, രതീഷ് എന്നിവർ ചേർന്നു അറസ്റ്റ് ചെയ്തത്.
അനിൽ രാഘവനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചും അബ്ദുൾ റസാഖിനെ കാഞ്ഞങ്ങാട് വച്ചുമാണ് പിടികൂടിയത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ അനിൽ രാഘവനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രവാസി വ്യവസായിയും കണ്ണൂർ കണ്ണപുരം സ്വദേശിയുമായ വി.വി.മോഹനന്റെ ഉടമസ്ഥതയിലുള്ള കീഴല്ലൂർ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേർന്നു കിടക്കുന്ന റീസർവേ 81/2 ൽപ്പെട്ട 50 സെന്റ് സ്ഥലമാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടു കാസർഗോഡ് പാണത്തൂരിലെ മാവുങ്കാൽ കുന്നിൽ വീട്ടിൽ എം.കെ.മുഹമ്മദ് ഹാരിഫി (39) നെ നേരത്തെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥല ഉടമ മോഹനാണെന്ന വ്യാജനേ അനിൽ രാഘവനാണ് ഭൂമി തട്ടിപ്പ് നടത്തിയത്. വിദേശത്തുള്ള മോഹനന്റെ സ്വത്ത് വിവരങ്ങളും മറ്റു വിവരങ്ങൾ അടക്കം അനിൽ രാഘവന് നൽകി ഭൂമി തട്ടിയെടക്കാൻ നേതൃത്വം നൽകിയത് അബ്ദുൾ റസാഖാണെന്ന് പോലീസ് പറഞ്ഞു.
അനിൽ രാഘവനാണ് മോഹനന്റെ ഐഡി കാർഡും മറ്റു രേഖകളും വ്യാജമായി നിർമിച്ചും ഫോട്ടോയിൽ കൃത്യമം കാണിച്ചും സ്ഥലം തട്ടിയെടുത്തത്. സ്ഥല ഉടമ മോഹനന്റെ ഡ്രൈവറായിരുന്നു അബ്ദുൾ റസാഖ്. മോഹനന്റെ ഉടമസ്ഥതയിലുള്ള തട്ടിയെടുത്ത 50 സെന്റിനു പുറമെ എളമ്പാറയിലുള്ള 70 സെന്റും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള 31 സെന്റ് സ്ഥലവും തട്ടിയെടുക്കാനുള്ള പ്രാരംഭ നടപടികൾ നടത്തി വരുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.
അനിൽ രാഘവൻ എം.കെ.മുഹമ്മദ് ഹാരിഫിന് വിൽപന നടത്തുകയും ഹാരിഫ് ഇരിട്ടിയിലെ വ്യവസായി അബ്ദുള്ളയ്ക്ക് മറിച്ചു വിൽക്കുകയുമായിരുന്നു. നാല് ലക്ഷം അസ്വൻസ് നൽകിയ അബ്ദുള്ള വാങ്ങിയ സ്ഥലത്ത് നിർമാണ പ്രവൃത്തി നടത്തുമ്പോഴാണ് തട്ടിപ്പിന് ഇരയായത് അറിയുന്നത്.
ഡ്രൈവറും കാര്യസ്ഥനുമായി കൂടി; നടത്തിയത് കോടികളുടെ തട്ടിപ്പ്
മട്ടന്നൂർ: സ്ഥല ഉടമ മോഹനന്റെ വിശ്വസ്തനും ഡ്രൈവറും കാര്യസ്ഥനുമായിരുന്ന സമയത്താണ് അബ്ദുൾ റസാഖ് തട്ടിപ്പിന് പദ്ധതിയിട്ടത്.ഗൾഫിൽ മോഹനനൊപ്പം വർഷങ്ങളോളം ജോലി ചെയ്തിരുന്ന അബ്ദുൾ റസാഖ് അവിടുത്തെ ജോലി ഉപേക്ഷിച്ചതിനു ശേഷം നാട്ടിലെത്തി മോഹനന്റെ സ്ഥലവും മറ്റു കാര്യങ്ങളും നോക്കി നടത്തുകയായിരുന്നു. വല്ലപ്പോഴും മോഹനൻ നാട്ടിലെത്തുമ്പോൾ ഡ്രൈവറുമാകും.
മോഹനന്റെ വിശ്വസ്തനായി അബ്ദുൾ റസാഖ് മാറിയതോടെ മോഹനന്റെ ബാങ്ക് അക്കൗണ്ടിലെ പണവും മോഹനന്റെ പേരിൽ എവിടെയെല്ലാം സ്ഥലം ഉണ്ടെന്നും അറിയാമായിരുന്നു. ഈ സ്ഥലത്തിന്റെ രേഖകളുടെ കോപ്പിയെല്ലാം അബ്ദുൾ റസാഖ് എടുത്തു സൂക്ഷിച്ചിരുന്നു. നാല് വർഷം മുമ്പ് മോഹനന്റെ വ്യാജരേഖ ഉപയോഗിച്ചു ഒന്നരകോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് മോഹനൻ അബ്ദുൾ റസാഖിനെ ജോലിയിൽ നിന്നു ഒഴിവാക്കുന്നതെന്ന് പറഞ്ഞു.
മോഹനന് അക്കൗണ്ടുള്ള ബാങ്കിൽ തന്നെയാണ് അബ്ദുൾ റസാഖ് മോഹനന്റെ പേരിന്റെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. മോഹനനെ അറിയുന്നവർ ബാങ്കിലുണ്ടായതോടെയാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പി കൈക്കലാക്കിയ റസാഖ് പിന്നീട് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. സുഹൃത്തും കണ്ണൂരിൽ ആയുർവേദ കടയിൽ ജോലി ചെയ്യുന്ന അനിൽ രാഘവനുമായി മോഹനന്റെ ഉടമസ്ഥതയിലുള്ള സ്ഥലം തട്ടിയെടുക്കാൻ നീക്കം ആരംഭിക്കുകയായിരുന്നു.
മോഹനനാണെന്ന വ്യാജേന അനിൽ രാഘവൻ വ്യാജ ആധാർ കാർഡും ഫോട്ടോയിൽ കൃത്ര്യമം കാണിച്ചും രജിസ്ട്രാർ ഓഫീസിൽ നിന്നു ആധാരത്തിന്റെ പകർപ്പുമെടുത്ത് പത്രത്തിൽ സ്ഥലത്തിന്റെ രേഖ നഷ്ടപ്പെട്ടുവെന്ന പരസ്യവും നൽകി.
നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയും ആധാരമെഴുതിയുമായിരുന്നു ഭൂമി തട്ടിയെടുത്ത് വിൽപന നടത്തിയത്.
50 സെന്റ് തട്ടിയെടുത്ത് വിൽപന നടത്തിയ ശേഷം മോഹനന്റെ പേരിൽ എളമ്പാറയിലുള്ള 70 സെന്റും കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തുള്ള 31 സെന്റ് സ്ഥലവും തട്ടിയെടുക്കുന്നതിന് ആധാരത്തിന്റെ പകർപ്പ് എടുത്ത് സ്ഥലം തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. മുക്കുപണ്ടയം കാസർഗോഡ് പാണത്തൂർ കോളിച്ചാലിലെ ഒരു ബാങ്കിൽ പണയം വച്ചതിനും ചാരായ വാറ്റിയതിനും അബ്ദുൾ റസാഖിനെതിരെ കേസുള്ളതായി പോലീസ് അറിയിച്ചു.
മംഗളൂരു കേന്ദ്രീകരിച്ചു ലക്ഷങ്ങൾ ഉപയോഗിച്ചു ചൂതാട്ടം നടത്തുന്നയാളാണ് അബ്ദുൾ റസാഖാണ് പോലീസ് പറഞ്ഞു. മുഹമ്മദ് ഹാരിഫിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നു അബ്ദുൾ റസാഖ് മംഗളൂരു ഒളിവിൽ കഴിയുകയായിരുന്നുവത്രെ. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർ ഉണ്ടെങ്കിലും ഇതുവരെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ പിടികൂടാനുള്ള തെളിവ് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.