എസ്. മഞ്ജുളാദേവി
തിരുവനന്തപുരം : ജി. ദേവരാജൻ സംഗീതം നല്കിയ ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ കടന്നുകൂടിയ പിഴവുകളെ കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന വാർത്തകൾക്കു അടിസ്ഥാനമില്ലെന്നു ജി. ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ്. കഴിഞ്ഞ 40 വർഷക്കാലമായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പനെ ഉറക്കുവാനായി മുഴങ്ങുന്ന ഭക്തിസാന്ദ്രമായ ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ തിരുത്തൽ വേണമെന്ന നീക്കത്തിനെതിരായി ട്രസ്റ്റ് പ്രതിഷേധം സംഘടിപ്പിക്കുമെന്നു ട്രസ്റ്റ് ജനറൽ സെക്രട്ടറിയും ജി. ദേവരാജന്റെ ശിഷ്യനുമാ
യ സതീഷ് രാമചന്ദ്രൻ പറഞ്ഞു.
ജി. ദേവരാജന്റെ അതുല്യ സ്പർശത്തിൽ ഉയിർക്കൊണ്ട ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ ജി. ദേവരാജൻ മാസ്റ്റർക്കു അറിയാതെ വന്നുപോയ പിഴവ് തീർത്ത് ഗാനഗന്ധർവൻ യേശുദാസ് വീണ്ടും ആലപിക്കും എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഹരിവരാസനം ട്രസ്റ്റിന്റെയും വാദം ശരിയല്ല. ജി. ദേവരാജൻ ചിട്ടപ്പെടുത്തിയ ഹരിവരാസനം എന്ന അയ്യപ്പാഷ്ടകത്തിൽ കടന്നു കൂടിയിരിക്കുന്ന തെറ്റുകൾ ആയി ഇപ്പോൾ ചിലർ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം.
‘ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദകം
അരി വിമർദനം നിത്യനർത്തനം’
ഇതിൽ അരിവിമർദനം എന്ന വാക്ക് ചേർത്ത് പ്രയോഗിക്കുന്പോൾ അർഥത്തിൽ മാറ്റം വന്നു എന്നാണ് പുതിയ കണ്ടെത്തൽ. അയ്യപ്പാഷ്ടകത്തിൽ അരി അഥവാ ശത്രുവിനെ നിഗ്രഹിക്കുക (വിമർദനം) എന്ന രണ്ടുവാക്കുകൾ ജി. ദേവരാജൻ ഒന്നിച്ചുചേർത്താണ് സംഗീതം നൽകിയിരിക്കുന്നത് എന്നു ചിലർ പറയുന്നു. അരിവിമർദനം എന്ന രീതിയിൽ ഈണം നല്കിയത് പിഴവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ അഷ്ടകം ഡോ. കെ.ജെ. യേശുദാസ് ആലപിച്ചിരിക്കുന്നത് കേട്ടുനോക്കുക. അരി വിമർദനം എന്നു പദഛേദം വരുത്തിതന്നെയാണ് പാടുന്നത്. അതായത് വിമർദനം മറ്റൊരു വാക്കായി തന്നെയാണ് ജി. ദേവരാജൻ മാസ്റ്റർ പ്രയോഗിച്ചിരിക്കുന്നത്.
യേശുദാസിന്റെ ആലാപനത്തിൽ വിമർദനത്തിനു പ്രത്യേക ഊന്നൽ നല്കിയിട്ടുണ്ട് എന്നു ഈ ഗാനം കേൾക്കുന്ന ആർക്കും മനസിലാകും. എന്നാൽ ഈ സത്യം തിരിച്ചറിയാതെയോ മറ്റ് നിക്ഷിപ്ത താല്പര്യം അനുസരിച്ചോ ജി. ദേവരാജന്റെ വിയോഗശേഷം അദ്ദേഹത്തിനെ തിരുത്തുവാൻ ഒരുകൂട്ടർ തയാറെടുക്കുകയാണ്. ഗാനത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തപ്പെടുന്നതിൽ അപാകതയില്ല. എന്നാൽ പിഴവു എന്നു വരുത്തി തീർക്കുവാനുള്ള ശ്രമത്തെയാണ് ഞങ്ങൾ എതിർക്കുന്നത്.
കഴിഞ്ഞ നാല്പതു വർഷക്കാലമായി ശബരിമലയിൽ മുഴങ്ങുന്ന ഗാനമാണിത്. ജി. ദേവരാജൻ മാസ്റ്റർ ജീവിച്ചിരുന്ന കാലത്തൊന്നും ഇതേക്കുറിച്ച് ശബ്ദിക്കാതിരുന്നവർ ഇപ്പോൾ വലിയ കോലാഹലം ഉണ്ടാക്കുന്നതിൽ എന്തോ നിഗൂഡ താല്പര്യമുണ്ട്.
ഗാനരചയിതാവ് എഴുതുന്ന ഓരോ വാക്കിനും വരിയ്ക്കും വളരെ ശ്രദ്ധ കൊടുത്ത് സംഗീതം നല്കിയ ഒരു സംഗീത സംവിധായകൻ കൂടിയാണ് മലയാളികളുടെ ജി. ദേവരാജൻ. സാഹിത്യഭംഗിയും പദങ്ങളുടെ അർഥവും ഭാവവും എല്ലാം കണക്കിലെടുത്ത് മാത്രം ഈണം നല്കുന്ന സംഗീത സംവിധായകൻ എന്നും കാലം മാസ്റ്ററെ അടയാളപ്പെടുത്തുന്നുണ്ട്. ഈ ഒരു വസ്തുതയും എതിർവാദം ഉന്നയിക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്നു.
അതുപോലെ ഹരിവരാസനത്തിലെ ഓരോ വരിയിലും നിറഞ്ഞ സ്വാമി എന്ന പദം മാസ്റ്റർ വേണ്ടെന്നു വച്ചിരുന്നു. അതും തെറ്റായി ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സ്വാമി എന്ന വാക്ക് എന്തുകൊണ്ട് താൻ ഉപേക്ഷിച്ചു എന്നു പലവേദികളിലും മുന്പ് മാസ്റ്റർ തന്നെ വിശദീകരിച്ചിട്ടുണ്ട്.
ശബരിമല ശ്രീ അയ്യപ്പനെ ഉറക്കുന്ന പാട്ടാണ് ഹരിവരാസനം. നമ്മൾ ഒരു കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്പോൾ ഓരോ വരിയിലും കുട്ടിയുടെ പേരു ഉച്ചരിക്കുകയാണെങ്കിൽ കുട്ടി ഉറങ്ങുമോ, ഉണരുകയല്ലേ ഉള്ളൂ എന്ന് മാസ്റ്റർ ചോദിച്ചത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു. കുട്ടിയുടെ പേരു അപ്പു ആണെന്നു വയ്ക്കുക.
ഉറക്കുപാട്ടിൽ അപ്പൂ എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നാൽ കുട്ടിയുടെ ഉറക്കം നഷ്ടമാകും. ഇതേ തത്വമാണ് താനും പ്രയോഗിച്ചത് എന്നും മാസ്റ്റർ പരസ്യമായി പറഞ്ഞിരുന്നു. ജി. ദേവരാജൻ എന്ന സംഗീത സംവിധായകന്റെ സംഗീതതപസിനു വേണ്ടി മാത്രമല്ല മറ്റൊരു സംഗീത സംവിധായകനും ഇനി ഇങ്ങനെയൊരു തിരുത്തൽ ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് ഞങ്ങളുടെ പ്രതിഷേധ കൂട്ടായ്മ.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന തീർത്തും അസുഖകരമായ പ്രവണത അവസാനിപ്പിക്കുവാനും ജനങ്ങളെ യഥാർഥ കാര്യങ്ങൾ ബോധിപ്പിക്കുവാനുമായി ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ഒരു പ്രാർഥനായജ്ഞം സംഘടിപ്പിക്കുമെന്നും സതീഷ് രാമചന്ദ്രൻ അറിയിച്ചു.
1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനുവേണ്ടി ഹരിവരാസനം എന്ന അയ്യപ്പാഷ്ടകം മധ്യമാവതി രാഗത്തിൽ ഈണങ്ങളുടെ മന്ത്രശില്പിയായ ജി. ദേവരാജൻ സൃഷ്ടിക്കുകയായിരുന്നു.