ന്യൂമാഹി: റഷ്യക്കാരനായ എൻജിനിയർ മിഹായേൽ ശബരിമല ചവിട്ടാൻ ആറാം തവണയും അഴിയൂരിലെത്തി. അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ നിന്നാണ് 2010 മുതൽ മല ചവിട്ടാൻ പോവുന്നത്. ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിലാണ് താമസം. കുടുംബസമേതമാണ് മിഹായേൽ എല്ലാ വർഷവും എത്താറുള്ളത്. എന്നാൽ ഇത്തവണ തനിച്ചാണ്. കഴിഞ്ഞ വർഷം മിഹായേലും അമ്മയും ഒരുമിച്ചാണ് മല ചവിട്ടിയത്.
ആറുവർഷം മുമ്പ് ഇന്ത്യ കാണാനും ആയുർവേദ ചികിത്സക്കുമായി എത്തിയ മിഹായേൽ അഴിയൂരിലെ വേണുഗോപാല ക്ഷേത്രത്തിലെത്തിയതോടെയാണ് ആത്മീയ വഴിയിലെത്തിയത്. ക്ഷേത്രത്തിലെ ഗുരുസ്വാമി കെ.പി.രാജന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് മല ചവിട്ടൽ.
പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി റഷ്യൻ എൻജിനിയർ മിഹായേല്‍ സ്വാമിക്ക് സ്വീകരണം നല്കി. സി.വി.രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ഗുരുസ്വാമിമാരായ ടി.പി.ബാലന്, കെ.പി.രാജന്, മിഹായേൽ, പി.കെ.സതീഷ് കുമാര്‍, മിഹായേലിന്റെ സഹായിയും പരിഭാഷകരമായ ടി.പി.രാവിദ്, ഒ.വി. ജയന്, സി.ടി.കെ. ഷാജീഷ് എന്നിവര്‍ സംസാരിച്ചു.