കൊച്ചി: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച സംഭവത്തിൽ നടി അമല പോൾ, നടൻ ഫഹദ് ഫാസിൽ എന്നിവർക്കെതിരേ കേസ്. ക്രൈം ബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ നോട്ടീസ് നൽകിയിട്ടും അമല പോൾ മറുപടി നൽകിയില്ല. ഇതേതുടർന്നാണു കേസെടുത്തത്. നികുതി വെട്ടിച്ച സംഭവത്തിൽ കൊച്ചിയിലെ വാഹന ഡീലർക്കെതിരേയും കേസുണ്ട്.
അമല പോൾ ഉപയോഗിക്കുന്ന മെഴ്സിഡസ് ബെൻസ് കാർ പോണ്ടിച്ചേരിയിലാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയിൽ ഒരു എൻജിനീയറിംഗ് വിദ്യാർഥിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ തനിക്ക് അമല പോളിനെ അറിയില്ലെന്ന് വിദ്യാർഥി പറഞ്ഞതായി ഒരു സ്വകാര്യ ചാനലിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു.
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നടി വെട്ടിച്ചതായാണ് സൂചന. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാർ ഇവിടെ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.
ഒരുവർഷം പൂർത്തിയാകുന്നതുവരെ വാഹനമോടിക്കാൻ 1500 രൂപയുടെ താത്കാലിക രജിസ്ട്രേഷൻ എടുത്താൽ മതിയാവും. രജിസ്ട്രേഷൻ മാറ്റാതെയോ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാൽ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.