കൊല്ലം: വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ മതിയായ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ അനാസ്ഥ കാണിച്ച ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, മെഡിട്രിന, അസീസിയ എന്നീ ആശുപത്രികളിലെ ആറു ഡോക്ടര്‍മാരാണു പ്രതികളാകുക. കൊല്ലം മെഡിട്രിന ആശുപത്രിയിലെ ഡോ. പ്രീതി, മെഡിസിറ്റിയിലെ ഡോ. ബിലാല്‍ അഹമ്മദ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. പാട്രിക്, ഡോ.ശ്രീകാന്ത്, അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.രോഹന്, ഡോ.ആഷിക് എന്നിവരെ പ്രതികളാക്കാനാണു തീരുമാനം.
മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറും രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയും ഗുരുതര വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
മുരുകന്റെ മരണം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിന്റെ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്കായിരിക്കും അറസ്റ്റ്. കേസില്‍ നിന്ന് കൊല്ലം കിംസ്, തിരുവനന്തപുരം എസ്യുടി റോയല്‍ ആശുപത്രികളെ ഒഴിവാക്കി. കേസില്‍ 45 സാക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുരുകന് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഈ ആശുപത്രികള്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. മുരുകനെ ആശുപത്രികളില്‍ കൊണ്ടുവന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്.
മരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിതയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ഈ റിപ്പോര്‍ട്ട് കൈമാറാന്‍ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല.