മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ വാർഡിലെ ഡ്യൂട്ടി ജയിൽവാസത്തേക്കാൾ കഠിനമെന്ന് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ. മെഡിക്കൽ കോളജിലെ സെല്ലിനു സമീപം നാലടി വീതിയും പത്തടി നീളവുമുള്ള കുടുസുമുറിയിലാണ് ജയിൽവാർഡിലെ പോലീസുകാർ കാവൽ നിൽക്കുന്നത്. തടവുകാർ കിടക്കുന്ന സെല്ലിൽ ഫാനും ബാത്ത്റുമും ഉണ്ടെങ്കിലും ഇവയൊന്നും ഇല്ലാത്ത വായുപോലും കടക്കാത്ത കാവൽമുറിയിലാണ് ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർ രാപ്പകൽ കഴിച്ചുകൂട്ടേണ്ടി വരുന്നത്.
ജയിൽ വാർഡിലെ ഫാൻ പ്രവർത്തിക്കുന്പോൾ മുറിക്കുള്ളിലെ ഉഷ്ണക്കാറ്റ് പോലീസുകാരുടെ ചെറിയ മുറിക്കുള്ളിലേക്കാണ് എത്തുക. മാരകരോഗങ്ങളുള്ളവരുടെ സമീപം ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണ് പോലീസുകാർക്കുള്ളത്. നല്ലകാറ്റുള്ള ഒരു ഫാനെങ്കിലുമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് പോലീസുകാർ പറയുന്നു.
എന്നാൽ ആ സൗകര്യം ഒരുക്കി കൊടുക്കാൻ ആശുപത്രി അധികൃതർ തയാറുകുന്നില്ല. പലതവണ അധികൃതർക്ക് അപേക്ഷനൽകിയെങ്കിലും നടപടിയുണ്ടായില്ല. കനത്ത ചൂട് സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും ടേബിൾ ഫാനുമായാണ് ഡ്യൂട്ടിക്കെത്തുന്നത്. ഡ്യൂട്ടി കഴിഞ്ഞുപോകുന്പോൾ ടേബിൾ ഫാൻ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ഫാൻ കൊണ്ടുവരാത്തവരാകട്ടെ ഉഷ്ണം സഹിക്കവയ്യാതെ വരുന്പോൾ വാർഡിനു പുറത്തിറങ്ങി കാറ്റുകൊള്ളും.
പ്രാഥമികാവശ്യങ്ങൾക്ക് വാർഡിൽ സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. മൂന്നാമത്തെ നിലയിലുള്ള ജയിൽ വാർഡിൽ നിന്നിറങ്ങി താഴെ ഗ്രൗണ്ട് ഫ്ളോറിലുള്ള അത്യാഹിത വിഭാഗത്തിലെ ബാത്ത്റൂമിനെയാണ് ഇവർ ആശ്രയിക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്കായി ജയിൽ വാർഡ് വിട്ടിറങ്ങുന്പോൾ തടവുകാരുടെ സുരക്ഷ മറ്റൊരു കീറാമുട്ടി പ്രശ്നമാണ്. ജയിൽവാർഡിൽ ഡ്യൂട്ടി കിട്ടുകയെന്ന് പറഞ്ഞാൽ പോലീസുകാർക്കിപ്പോൾ ജയിൽവാസം അനുഭവിക്കലിന് തുല്യമാണ്.