കോണത്തുക്കുന്ന്: ഉൗർജ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയും വൈദ്യുതി വില്പനയിലൂടെ വരുമാനവും നേടി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. സൗരോർജ വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് നൽകിയാണ് ബ്ലോക്ക് പഞ്ചായത്ത് വരുമാനം നേടുന്നത്.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകും. ബ്ലോക്ക് പഞ്ചായത്തിന്റെ മാസ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളത് വരുമാനമായി പഞ്ചായത്തിന് ലഭിക്കും. 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതു പൂർത്തിയാക്കിയത്. പാലക്കാട് ജില്ലയിലെ മുണ്ടൂരുള്ള ഐആർടിസിയാണ് നിർവഹണ ഏജൻസി. ശരാശരി 80 യൂണിറ്റ് ഉത്പാദനം നടക്കുമെന്ന് നടത്തിപ്പിനായി ഐആർടിസി നിയോഗിച്ച എൻജിനീയർ അരുണ്‍കുമാർ വിജയൻ പറഞ്ഞു.
മുൻ നിശ്ചയിച്ച സമയത്തിലും നേരത്തെ കമ്മിഷൻ ചെയ്യാൻ സാധിച്ചു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. 2017 ഏപ്രിൽ 19 ന് പ്രവർത്തനം തുടങ്ങി സെപ്റ്റംബർ 16 ന് കമ്മീഷൻ ചെയ്തു. 18.5 ലക്ഷത്തിന്റെ പദ്ധതിചെലവിൽ 20 കിലോ വാട്ട് പദ്ധതിയാണ് നടപ്പാക്കിയത്
. കോണ്‍ക്രീറ്റ് കെട്ടിടവും ചേർന്നുള്ള ഷീറ്റ് മേൽക്കൂരയും ഉൾപ്പെടെ 200 ചതുരശ്ര മീറ്റർ സ്ഥലം പാനൽ സ്ഥാപിക്കാൻ ഉപയോഗിച്ചു. 250 വാട്സിന്റെ 80 പാനലാണ് സ്ഥാപിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ബിഡിഒയുടെ ചുമതല ഉണ്ടായിരുന്ന എം.ആർ. തന്പി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.